തലശ്ശേരി കോടിയേരിയിൽ സി.പി.എം പ്രവര്‍ത്തകന്റെ വീടിനും വായനശാലക്കും നേരെ അക്രമണം

തലശ്ശേരി കോടിയേരി ഇടയില്‍പീടികയിലെ സി.പി.എം പ്രവര്‍ത്തകന്റെ വീടിനും വായനശാലക്കും നേരെ അക്രമം. ഇടയില്‍പീടികയിലെ തണലില്‍ സത്യനാഥിൻ്റെ വീടിന് നേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അക്രമം നടന്നത.

കല്ലെറിഞ്ഞ് ജനല്‍ ഗ്ലാസുകളുള്‍പ്പെടെ തകര്‍ക്കുകയും ഇരുമ്പുവടി കൊണ്ടും മറ്റും ഒരു സംഘം അക്രമം നടത്തുകയായിരുന്നെന്ന്   വീട്ടുകാര്‍ പരാതിപ്പെട്ടു. 
അക്രമം നടന്ന സത്യന്റെ വീടിന് സമീപത്തെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാലയായ മധു സ്മാരക മന്ദിരത്തിന് നേരെയും അക്രമം നടന്നതായി സി.പി.എം നേതൃത്വം ആരോപിച്ചു.

ജനല്‍ ചില്ലുകളും മറ്റും തകര്‍ന്നു.ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
കഴിഞ്ഞ ദിവസം സി.പി.എം മുന്‍ നഗരസഭാ കൗണ്‍സിലറും മഹിളാ അസോസിയേഷന്‍ നേതാവുമായ കോടിയേരി ഇടയില്‍പീടികയിലെ എം.പി നീമയുടെ വീടിന് നേരെ ബോംബേറ് നടന്നിരുന്നു. തുടര്‍ന്ന് മാടപ്പീടിക ശാഖ ആര്‍.എസ്.എസ് ശിക്ഷക് അര്‍ജുനന് (27)നേരെ അക്രമം നടന്നിരുന്നു.

ബൈക്കില്‍ പോകുന്ന വേളയില്‍ ഒരു സംഘം തടഞ്ഞ് വെച്ച് അക്രമിക്കുകയായിരുന്നു. അര്‍ജുന്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മമ്പള്ളികുന്നിലെ മൂന്ന് സി.പി എം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നിരുന്നു. ന്യൂ മാഹി പോലീസ് അന്വേഷണം തുടങ്ങി