തലശ്ശേരി പൈതൃകം തൊട്ടറിഞ്ഞ് 53 ടൂർ ഗൈഡുകൾ

ടൂറിസത്തിന്റെ അനന്ത സാധ്യതകളും തലശ്ശേരി പൈതൃക പദ്ധതിയും തലശ്ശേരിയുടെ ചരിത്രവും മനസിലാക്കി 53 ടൂർ ഗൈഡുകൾ. തലശ്ശേരി പൈതൃക പദ്ധതി പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കാനായി കണ്ണൂർ ഡി ടി പി സി, ടൂറിസം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ശിൽപശാലക്കും പദ്ധതി പ്രദേശ സന്ദർശനവും മ്യൂസിയം വിദഗ്ധരുടെ പാനൽ ചർച്ചക്കുമായാണ് ഇവർ എത്തിയത്. സംസ്ഥാനതലത്തിലെ അംഗീകൃത ടൂറിസം ഗൈഡുമാരിൽ നിന്നും ജില്ലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗൈഡുമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 53 പേരാണ് ശിൽപശാലയിൽ പങ്കെടുക്കുത്തത്.
ടൂർഗൈഡുകളിലൂടെ കൂടുതൽ സഞ്ചാരികളെ മലബാറിലേക്ക് ആകർഷിക്കുകയാണ്
ശിൽപശാല കൊണ്ട് ലക്ഷ്യമിടുന്നത്.
മലബാറിനെ ടൂറിസത്തിന്റെ വലിയ അവസരമായാണ് കാണുന്നതെന്നും മലബാറിലെ വിവധ ഭാഷകൾ, ഭക്ഷണം, കല, ഐതിഹ്യം, സംസ്‌കാരം എന്നിവ കൂടുതൽ പഠിച്ച് സഞ്ചാരികളെ മലബാറിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് കൊച്ചിയിൽ നിന്നെത്തിയ ടൂർ ഗൈഡ് രമ്യ മോഹൻ പറഞ്ഞു.

തുറമുഖ സർക്യൂട്ട്, പഴശ്ശി സർക്യുട്ട്, നാടോടി/ ഐതിഹ്യ സർക്യുട്ട്, സാംസ്‌കാരിക സർക്യുട്ട് എന്നിങ്ങനെ നാലായി തരംതിരിച്ചാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി നടപ്പാക്കാൻ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ഞായറാഴ്ച സംഘം ജില്ലയിലെ വിവിധയിടങ്ങൾ സന്ദർശിച്ചു. ഓടത്തിൽ പള്ളി സന്ദർശിച്ചാണ് പര്യടനം തുടങ്ങിയത്. ഗുണ്ടർട്ട് മ്യൂസിയം, തലശ്ശേരി കോട്ട, സെൻറ് ജോൺസ് ആഗ്ലിക്കൻ ചർച്ച്, ജഗന്നാഥ ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, തൊടീക്കളം ക്ഷേത്രം, പഴശ്ശി സ്മൃതി മണ്ഡപം (പടിഞ്ഞാറെ കോവിലകം), മക്രേരി ക്ഷേത്രം എന്നിവക്കു ശേഷം കൊട്ടിയൂർ മഹാദേവക്ഷേത്രം സന്ദർശിച്ച് പര്യടനം പൂർത്തിയാക്കി.