തലൈവർ രജനിക്ക് ഇന്ന് 70 വയസ്.

ചെന്നൈ: തലൈവർ രജനിക്ക് ഇന്ന് 70 വയസ്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം 31ന് നടക്കാനിരിക്കെ, പിറന്നാൾ ആഘോഷങ്ങൾക്ക് പരമാവധി മാറ്റു കൂട്ടാനുള്ള ഒരുക്കങ്ങൾ രജനികാന്തിന്റെ ഉറ്റ തോഴനും രാഷ്ട്രീയ പാർട്ടിയുടെ ചുമതല വഹിക്കുന്ന ‘ഗാന്ധിമക്കൾ ഇയക്കം’ നേതാവുമായ തമിഴരുവി മണിയന്റെ നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ തമിഴ്നാട്ടിലാകെ നടത്തും.

ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

ആഘോഷത്തിൽ രാവിലെ പങ്കെടുത്ത ശേഷം രജനി നാളെ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ പൂർത്തിയാക്കാൻ ഹൈദരാബാദിലേക്കു തിരിക്കും. .

പാർട്ടിയുടെ പ്രധാന ഭാരവാഹികളെ തീരുമാനിക്കുന്നതിനുള്ള അനൗപചാരിക ചർച്ചയും നാളെ രാവിലെ രജനിയുടെ അദ്ധ്യക്ഷതയിൽ നടക്കും. തമിഴരുവി മണിയൻ,​ പാർട്ടി രൂപീകരണ സമിതി ചീഫ് കോ – ഓ‌ർഡിനേറ്റർ അർജുന രാമമൂർത്തി എന്നിവർക്കു പുറമെ രജനി മക്കൾ മൺട്രം ഭാരവാഹികളും പങ്കെടുക്കും.