തളിപ്പറമ്പ് കിലയില്‍ ലോകോത്തര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ് കില സെന്ററില്‍ ലോകോത്തര നിലവാരമുള്ള സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കരിമ്പം കില സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗ് ആന്റ് വേസ്റ്റ് മാനേജ്‌മെന്റ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച ഇന്‍സ്റ്റിറ്റ്യൂട്ട് കിലയില്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ബൃഹത്തായ സ്ഥാപനം ഇവിടെ കെട്ടിപ്പടുക്കും. പുതിയ കോഴ്‌സുകള്‍ ആരംഭിക്കും.

തികച്ചും ശാസ്ത്രീയമായും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുമാണ് സ്ഥാപനമൊരുക്കുക. ഗവേഷണത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കും. സെന്ററിനു കീഴില്‍ നിലവില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കില്ല. അവയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി സ്ഥാപനത്തിന് തറക്കല്ലിടുമെന്നും മന്ത്രി പറഞ്ഞു.
1952 മുതല്‍ ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിമ്പം പരിശീലന കേന്ദ്രം 2017 ഏപ്രില്‍ 12 മുതലാണ് കിലയുടെ ഭാഗമായത്. 30 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതാണ് പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപനം.

കില പരിശീലന ഹാളില്‍ നടന്ന പരിപാടിയില്‍ കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന, ഇ ടി സി പ്രിന്‍സിപ്പാള്‍ പി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.