താത്കാലികമായി ദത്തെടുത്ത് വളർത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രി കെ.കെ. ശൈലജ റിപ്പോർട്ട് തേടി.

തിരുവനന്തപുരം: താത്കാലികമായി ദത്തെടുത്ത് വളർത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രി കെ.കെ. ശൈലജ റിപ്പോർട്ട് തേടി.

ജനുവരി എട്ടിനാണ് ദത്തെടുത്ത് വളർത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂത്തുപറമ്പ് കണ്ടംകുന്ന ചമ്മനാപ്പറമ്പിൽ സി.ജി. ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്.

പെൺകുട്ടിയെ താത്കാലികമായി ദത്ത് നൽകിയതിൽ എറണാകുളത്തെ മുൻ ശിശുക്ഷേമ സമിതിക്ക് തെറ്റുപറ്റിയോ എന്നതും അന്വേഷിക്കും.

സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പെൺകുട്ടിക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പുവരുത്താൻ നിർദേശം നൽകിയതായും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് 15 വയസ്സുണ്ടായിരുന്ന പെൺകുട്ടിയെ ശശികുമാർ പലതവണ പീഡിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അനാഥാലയത്തിൽ കഴിയുന്ന പെൺകുട്ടിയുടെ സഹോദരി കൗൺസിലിങ്ങിനിടെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് കൂത്തുപറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മൂന്ന് വിവാഹം കഴിച്ച ശശികുമാർ തെറ്റായ വിവരങ്ങൾ നൽകിയാണ് പെൺകുട്ടിയെ ദത്തെടുത്തതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇതോടെയാണ് കുട്ടിയെ ദത്തുനൽകുന്നതിൽ ഗുരുതരവീഴ്ച സംഭവിച്ചതായും ആരോപണമുയർന്നത്.