തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചക്ക് കോന്നിയിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് തിരുവനന്തപുരത്തും അദ്ദേഹം പരിപാടിയിൽ പങ്കെടുക്കും

ഉച്ചക്ക് ഒന്നരയോട് കൂടിയാണ് പ്രധാനമന്ത്രി കോന്നിയിലെത്തുക. ആറന്മുള മണ്ഡലത്തിന്റെ ഭാഗമായ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ അദ്ദേഹം ഹെലികോപ്റ്റർ ഇറങ്ങും. പിന്നീട് റോഡ് മാർഗം പത്ത് കിലോമീറ്ററോളം സഞ്ചരിച്ചാണ് അദ്ദേഹം വേദിയിലെത്തുക.

ഒരു മണിക്കൂർ സമയം അദ്ദേഹം വേദിയിൽ ചിലവഴിക്കും. തുടർന്ന് രണ്ടരയോടെ നാഗർകോവിലിലേക്ക് പോകും. 30,000 പേരെ കോന്നി മണ്ഡലത്തിൽ നിന്ന് മാത്രം പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് ബി.ജെ.പി നീക്കം.