തിരഞ്ഞെടുപ്പ് ഫണ്ട് വൈകിയതിന് തറ പൊളിച്ച് കൊടി നാട്ടിയ സംഭവം: എട്ട് ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരേ കേസ്

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കാന്‍ വൈകിയതിന് അജാനൂര്‍ പഞ്ചായത്തിലെ ചാലിയം നായില്‍ പ്രദേശത്ത് നിര്‍മാണം നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തില്‍ എട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.

ഇട്ടമ്മലിലെ ലിപന്‍, സുജിത്ത്, കിട്ടു എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയുമാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 447, 427, 153, 506(1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും തടയാന്‍ ചെന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നുമാണ് എഫ്‌ഐആറിലുള്ളത്.