തിരഞ്ഞെടുപ്പ്; മാവോവാദി ഭീഷണി നേരിടുന്ന വനാതിർത്തി പ്രദേശങ്ങളിലെ ബൂത്തുകളിൽ കർശന ജാഗ്രത
റിപ്പോർട്ട്: അക്ഷയ് പേരാവൂർ
മാവോവാദി ഭീഷണി നേരിടുന്ന വനാതിർത്തി പ്രദേശങ്ങളിലെ ബൂത്തുകളിൽ കർശന ജാഗ്രത. തണ്ടർബോൾട്ടിനെ വിന്യസിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് വനാതിർത്തി പ്രദേശങ്ങളിലും മാവോവാദി പ്രശ്നബാധിത മേഖലകളിലും പോലീസും തണ്ടർബോൾട്ടും സുരക്ഷ ഏർപ്പെടുത്തിയത്. വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ മാവോവാദി ഭീഷണി നേരിടുന്ന ബൂത്തുകളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കുന്നത്. കേളകം, പേരാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ 18 ബൂത്തുകളാണ് മാവോവാദി ഭീഷണി നേരിടുന്നത്. കോളയാട് പഞ്ചായത്തിലെ കൊമ്മേരി ,
ചെക്യേരി , പെരുവ എന്നിവിടങ്ങളിലെ നാല് ബൂത്തുകളും കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ ശാന്തിഗിരി, ഏലപ്പീടിക, പൂളക്കുറ്റി, ഓടംതോട് , കുണ്ടേരി, അടയ്ക്കാത്തോട്, മന്ദംചേരി എന്നിവിടങ്ങളിലുള്ള 14 ബൂത്തുകളുമാണ് മാവോവാദി ഭീഷണിയുള്ളത്. മാവോവാദി സാന്നിധ്യം കൂടുതലായി റിപ്പോർട്ട് ചെയ്ത രാമച്ചി പ്രദേശങ്ങിലുള്ളവർക്ക് ശാന്തിഗിരി ബൂത്തിലാണ് വോട്ടുള്ളത്.
നേരത്തെ മാവോവാദി സാന്നിധ്യം ഉണ്ടായ പെരുവ , ചെക്യേരി, അമ്പായത്തോട്, ശാന്തിഗിരി എന്നിവിടങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് പോലീസ് തീരുമാനം. മാവോവാദി വിരുദ്ധ സേനയുടെ സഹായത്തോടെയാണ് ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കുക . പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും പെരുവയിലെ രണ്ടു ബൂത്തുകളിൽ സുരക്ഷയൊരുക്കേണ്ട ചുമതല കണ്ണവം പോലീസിനാണ്.
പ്രശ്ന ബാധിത ബൂത്തുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചായിരുന്നു കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മാവോവാദി മേഖലകളിൽ സുരക്ഷ ഒരുക്കിയിരുന്നത്. പോലീസ് സുരക്ഷയ്ക്ക് പുറമെ തണ്ടർബോൾട്ടിൻ്റെ നേതൃത്വത്തിലും ഈ ബൂത്തുകളിൽ സുരക്ഷ ഒരുക്കും.
സുരക്ഷ ശക്തമാക്കാൻ കൂടുതൽ തണ്ടർബോൾട്ട് സേനാംഗങ്ങൾ കേളകം പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് എത്തിച്ചേർന്നിട്ടുണ്ട്.