തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്

തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ദിലീപുമായി നിരവധി സാമ്പത്തിക ഇടപാടുകളുള്ള വ്യക്തിയാണ് ഗാലിഫ്. ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്. ഇത് ഏറെ സംശയം ജനിപ്പിക്കുന്നതാണെന്നും, ചാറ്റുകള്‍ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന സൈബര്‍ വിദഗ്ധന്‍ സായ്ശങ്കറിനെതിരായ റിപ്പോര്‍ട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്.

നടിയും ഭാര്യയുമായ കാവ്യ മാധവന്‍, മലയാളത്തിലെ ഒരു പ്രമുഖ നടി, ഫൊറന്‍സിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ എന്നിവരുമായുള്ള ചാറ്റുകളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചെടുക്കാനാകാത്ത തരത്തിലാണ് നശിപ്പിച്ചിട്ടുള്ളത്. ഏതു സാഹചര്യത്തിലാണ് ഈ വിവരങ്ങള്‍ നീക്കിയതെന്നത് സംബന്ധിച്ച്‌ ദിലീപ് അന്വേഷണസംഘത്തോട് വിശദീകരിക്കേണ്ടി വരും. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നശിപ്പിച്ചതെന്നാണ് ദിലീപ് നേരത്തെ പറഞ്ഞത്.