തില്ലങ്കേരി തെരഞ്ഞെടുപ്പ്; കൗണ്ടിംഗ് ഏജന്റുമാര്‍ അപേക്ഷിക്കണം
തില്ലങ്കേരി ഡിവിഷനിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ട് എണ്ണുന്നതിന് നിയമിക്കേണ്ട കൗണ്ടിംഗ് ഏജന്റുമാരുടെ അപേക്ഷ മാത്രമേ ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതുള്ളൂ എന്ന് തെരഞ്ഞെടുപ്പ് ഉപവരണാധികാരി കൂടിയായ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. ജില്ലാ പഞ്ചായത്തിലേക്കുള്ള മറ്റ് കൗണ്ടിംഗ് ഏജന്റുമാരുടെ നിയമനത്തിനായി അതാത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കൗണ്ടിംഗ് ഏജന്റുമാരുടെ നിയമനത്തിനായുള്ള അപേക്ഷ ജനുവരി 21 വ്യാഴാഴ്ച വൈകിട്ട് നാല് മണി വരെ സ്വീകരിക്കും. വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ഥി, തെരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ഥിയുടെ കൗണ്ടിംഗ് ഏജന്റ്, വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ വ്യക്തികള്‍ എന്നിവര്‍ക്കു മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുവാന്‍ പാടുള്ളതല്ല.
വരണാധികാരിയില്‍ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. മൊബൈല്‍ ഫോണ്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള ഉദേ്യാഗസ്ഥന്റെ പക്കല്‍ നല്‍കി കൈപ്പറ്റ് രശീതി വാങ്ങേണ്ടതാണ് എന്നും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.