തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് തന്നെ

കൊച്ചി:തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കെപിസിസി നിർദേശിച്ചു. തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗത്തിലാണ് ഉമയെ സ്ഥാനാ‍ർത്ഥിയാക്കാനുള്ള തീരുമാനം. ഇതോടെ കെപിസിസി നിർദേശം ഹൈക്കമാൻഡിനെ അറിയിച്ചു. ആറു മണിയോടെ പ്രഖ്യാപനമുണ്ടായേക്കും.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.