തൃശൂരില്‍ വനിതാ ദന്തഡോക്ടറെ കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ചോറ്റാനിക്കര: തൃശ്ശൂർ കുട്ടനെല്ലൂരിൽ ഡോ. സോനയെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശ്ശൂർ പാവറട്ടി മണപ്പാട് വെളുത്തേടത്ത് വീട്ടിൽ മഹേഷി (41) നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെ ചോറ്റാനിക്കരയിലെ ലോഡ്ജിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.

മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ. സോനയെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ ഇയാൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സർക്കാരും വീട്ടുകാരും കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്. തുടർന്ന് ഒളിവിൽ പോയ ഇയാൾ രണ്ടു ദിവസമായി ചോറ്റാനിക്കരയിലെ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മുറിയിലേക്കുപോയ ഇയാളെ പിന്നീട് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടത്.

20-ന് വൈകീട്ട് 4-നാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. ചോറ്റാനിക്കര പോലീസ് കേസ് എടുത്തു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.