തൃശ്ശൂരിൽ ഒൻപത് പേരെ ബി.ജെ.പി. പുറത്താക്കി

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപിക്കാൻ ശ്രമിച്ചതിന് തൃശ്ശൂരിൽ ഒൻപത് പേരെ ബി.ജെ.പി. പുറത്താക്കി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.കേശവദാസ്, കോർപറേഷൻ മുൻ കൗൺസിലർ ലളിതാംബിക തുടങ്ങി ഒൻപതുപേരെയാണ് പുറത്താക്കിയത്

ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്‌ണന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ കുട്ടംകുളങ്ങര ഡിവിഷനില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസങ്ങളിലായി ഇതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം ഉണ്ടായിരുന്നു. ഗോപാലകൃഷ്‌ണന്‍ പരാജയപ്പെട്ടതിന് പിന്നാലെ കെ കേശവദാസിന് ബന്ധമുണ്ടെന്ന് പ്രചരിച്ചിരുന്നു.

ഇതിനെതിരെ കേശവദാസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. കെ കേശവദാസിന്റെ ഭാര്യാമാതാവാണ് ഇദ്ദേഹത്തിനൊപ്പം പുറത്താക്കപ്പെട്ട മുന്‍ കൗണ്‍സിലര്‍ ലളിതാംബിക.

സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന് വഴിവെച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു