തെക്കന്‍ കേരളത്തില്‍ കനത്ത മഴ

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കാറ്റ് വീശിയടിച്ചത്. ശക്തമായ കാറ്റിൽ മരം വീണ് രണ്ട് പേര്‍ മരിച്ചു. അടൂര്‍ ചൂരക്കോട് സ്കൂട്ടറിന് മുകളിൽ മരം വീണ് ഒരു യുവാവും കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റിൽ റബ്ബർ മരം വീണ് വൃദ്ധയുമാണ് മരിച്ചത്. അതേസമയം, നാളെ വടക്കന്‍ കേരളത്തിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

പത്തനംതിട്ട അടൂരിന് സമീപമാണ് യുവാവിന്‍റെ ദേഹത്ത് മരം വീണത്. നെല്ലിമുകൾ സ്വദേശി മനു മോഹൻ ആണ് മരിച്ചത്. 32 വയസായിരുന്നു. അടൂരിൽ പലയിടത്തും ശക്തമായി വീശിയ കാറ്റില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു. അതേസമയം, കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റിൽ റബ്ബർ മരം വീണാണ് വൃദ്ധ മരിച്ചത്. ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി (62) ആണ് മരിച്ചത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ വാഹനങ്ങളിൽ മുകളിലേയ്ക്കും മരം വീണു. കൊട്ടാരക്കകര പ്രസ് സെന്‍ററിന്‍റെയും പൊലിക്കോട് പെട്രോൾ പമ്പിന്‍റെയും മേൽകൂര തകർന്നു.