തെക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം അതി തീവ്ര ന്യൂനമർദ്ദമായി മാറി. ഇത് തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്.

തെക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് നാളെ വൈകീട്ടോടെ ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വ്യാഴാഴ്ച കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ നിലവിൽ വന്ന വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും.