തെളിനീരൊഴുകും നവകേരളം; പെരളശ്ശേരി പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു
ഹരിത കേരളം മിഷന്‍, വിവിധ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഏകോപിപ്പിച്ച് നടപ്പാക്കുന്ന ‘തെളിനീരൊഴുകും നവ കേരളം’പദ്ധതിയുടെ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം എടക്കടവ് വായനശാലക്ക് സമീപം നടന്നു. ബഹുജന പങ്കാളിത്തത്തോടെ ജലാശയങ്ങളെ മാലിന്യ മുക്തമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു നിര്‍വഹിച്ചു.
പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജലസ്രോതസുകളെയും മാലിന്യ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ചരക്കണ്ടിപ്പുഴയിലെ മാലിന്യങ്ങള്‍ നീക്കുന്ന പ്രവൃത്തി ആരംഭിച്ചു. എല്ലാ വാര്‍ഡുകളിലും പുഴയോര സംരക്ഷണ സമിതി ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. അനുബന്ധ പരിപാടി എന്ന നിലയില്‍ പുഴ യാത്ര, പുഴയോര നടത്തം എന്നിവ കൂടി സംഘടിപ്പിക്കും.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ കെ സുഗതന്‍, വാര്‍ഡ് മെമ്പര്‍ ആച്ചാണ്ടി കൃഷ്ണന്‍, ഹരിത കേരളം മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ നാരായണന്‍, വി കെ അഭിജാത് തുടങ്ങിയവര്‍ സംസാരിച്ചു.