ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചത്തലത്തിലാണ് നടപടി.

ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം അന്വേഷിക്കും. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ ആരോപണമുള്ളതിനാല്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന് റൂറല്‍ എസ്പി ശുപാര്‍ശ ചെയ്തിരുന്നു.

നെയ്യാറ്റിന്‍കര പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയിലെ വസന്തയും രാജന്‍ അടക്കമുള്ള അയല്‍വാസികളുമായുള്ള ഭൂമിതര്‍ക്കം തുടങ്ങുന്നത് 2019ലാണ്. വസന്തയുടെ വീടിന്റെ എതിര്‍വശത്തുള്ള തന്റെ അമ്മയുടെ വീട്ടിലായിരുന്നു മരിച്ച രാജനും കുടുംബവും ആദ്യം താമസിച്ചത്.

പിന്നീടാണ് വസന്തയുടെ വീടിനോട് ചേര്‍ന്നുള്ള മൂന്ന് സെന്റ് ഭൂമിയിലേക്ക് ഷെഡ് വെച്ച്‌ രാജനും കുടുംബവും മാറിയത്. ഈ ഭൂമി 2006ല്‍ സുഗന്ധി എന്ന ആളില്‍ നിന്നും വിലയാധാരമായി വാങ്ങിയതാണെന്നും അതിയന്നൂര്‍ പഞ്ചായത്തില്‍ ഈ ഭൂമിക്ക് കരമടച്ചിട്ടുണ്ടെന്നുമാണ് വസന്ത പറയുന്നത്. രാജനടക്കം അഞ്ച് പേര്‍ തന്റെ സ്ഥലം കയ്യേറിയെന്ന് കാണിച്ചാണ് വസന്ത മുന്‍സിഫ് കോടതിയെ സമീപിക്കുന്നത്.