ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം ഇന്ന്
“ഡെങ്കിപ്പനി പ്രതിരോധം വീട്ടിൽ നിന്നാരംഭം” എന്ന സന്ദേശവുമായി ഈ വർഷത്തെ ഡെങ്കിപ്പനി വിരുദ്ധ ദിനം ഇന്ന് ആചരിക്കും. ആഗോളതലത്തിൽ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. വർഷം തോറും അഞ്ചു കോടിയോളം ആളുകൾക്ക് ഡെങ്കിപ്പനി പിടിപെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലും രോഗവ്യാപനം കൂടി വരികയാണ്. പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചും രോഗ നിയന്ത്രണ മാർഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക, രോഗനിയന്ത്രണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുക, അത് വഴി രോഗാതുരത പരമാവധി കുറച്ചു കൊണ്ടുവരുക, മരണം പൂർണമായി ഇല്ലാതാക്കുക എന്നിവയാണ് ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് പറഞ്ഞു.
ആരോഗ്യ രംഗത്ത് ആരോഗ്യം എന്നത് കേവലം ഡോക്ടർ, ആശുപത്രി, നഴ്‌സ് അഥവാ ജീവനക്കാർ, മരുന്ന് എന്ന സമവാക്യത്തിനപ്പുറം വൃത്തിയുള്ള പരിസരം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, ശുദ്ധവായു കൂടാതെ തൊഴിൽ എന്നിവ കൂടിയാണ് എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാവണം.
കാലാവസ്ഥയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, വലിച്ചെറിയൽ സംസ്കാരം, ഇടയ്ക്കിടെ ഉണ്ടാവുന്ന മഴ , കൊതുകിന്റെ പ്രജനന കേന്ദ്രങ്ങളിലുണ്ടായിട്ടുള്ള വലിയ വർദ്ധന, ഏറിവരുന്ന നിർമാണ പ്രവർത്തനങ്ങൾ, വർദ്ധിച്ചു വരുന്ന മാലിന്യ പ്രശ്നങ്ങൾ, മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനമില്ലായ്മ, തോട്ടങ്ങളിലെ കൊതുകു പ്രജനന സാധ്യതകൾ ഒഴിവാക്കുന്നതിനുള്ള പരിമിതികൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് രോഗം വ്യാപിക്കുന്നു.
ഈഡിസ് കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ആർബോവൈറസ് വിഭാഗത്തിൽ പെടുന്ന ഫ്‌ളാവി വൈറസുകളാണ് രോഗകാരി. ഇവ നാല് തരത്തിൽ കാണപ്പെടുന്നു. രോഗവാഹകരായ കൊതുക് കടിച്ചവരിൽ ഏകദേശം മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരിലും സാധാരണ വൈറൽ പനി പോലെയുള്ള ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക. നല്ലൊരുശതമാനം വ്യക്തികളിലും രോഗം തനിയെ ഭേദമാവും. ആകസ്മികമായി ഉണ്ടാവുന്ന കടുത്ത പനി, തലവേദന, കണ്ണിനുപുറകിൽ വേദന, പേശികളിലും,സന്ധികളിലും വേദന, അഞ്ചാംപനിപോലെ നെഞ്ചിലും മുഖത്തും തടിപ്പുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.
ഡെങ്കിപ്പനി പ്രധാനമായും മൂന്ന് തരത്തിലാണ് കാണപ്പെടുന്നത്. താരതമ്യേന അപകടകാരിയല്ലാത്ത ക്ലാസിക്കൽ ഡെങ്കിപ്പനി, അപകടത്തിലേക്കും, മരണത്തിലേക്കും നയിക്കുന്ന ഡെങ്കി ഹെമറേജിക് പനി, ഡെങ്കി ഷോക് സിൻഡ്രോം എന്നിവയാണവ.
സാധാരണ ലക്ഷണങ്ങൾക്കു പുറമെ കഠിനമായ വയറുവേദന, മൂക്ക്, വായ, മോണ എന്നിവയിൽ കൂടിയുള്ള രക്ത സ്രാവം, രക്തത്തോടുകൂടിയോ അല്ലാതെയോ ഉള്ള ഛർദ്ദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ എന്നിവ ഡെങ്കി ഹെമറേജിക് പനിയുടെ ലക്ഷണങ്ങളാണ്. ഡെങ്കി ഷോക് സിൻഡ്രോം എന്ന അവസ്ഥയിൽ രക്തവും, പ്ലാസ്മയും നഷ്ടമാവുകയും തുടർന്ന് രോഗി അബോധാവസ്ഥയിൽ എത്തുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. പ്രായാധിക്യമുള്ളവർ, ചെറിയകുട്ടികൾ, പ്രമേഹം, ഹൃദ്രോഗം, അർബുദം മുതലായ രോഗമുള്ളവർ എന്നിവരിൽ രോഗം പിടിപെട്ടാൽ അപകടസാധ്യത കൂടുതലാണ്.സാധാരണയായി ഡെങ്കിപ്പനിക്ക് രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. രോഗം ബാധിച്ചാൽ സമ്പൂർണ വിശ്രമം വേണം. വീടുകളിൽ ലഭ്യമായ പാനീയങ്ങൾ, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം എന്നിവ ധാരാളമായി കുടിക്കണം.
പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗമുണ്ടാക്കുന്നത്. ഇവ പ്രധാനമായും ശുദ്ധജലത്തിലാണ് മുട്ടയിട്ടു പെരുകുന്നത്. മനുഷ്യ വാസസ്ഥലത്തിന് ഏകദേശം 200 മീറ്റർ ചുറ്റളവിൽ തന്നെ കൊതുകിന്റെ പ്രജനന കേന്ദ്രങ്ങൾ കാണാം. ആവശ്യമായ രക്തം ലഭിക്കുന്നതിന് ഒന്നിൽ കൂടുതൽ ആളുകളെ കടിക്കുന്ന രീതി ഈഡിസ് കൊതുകുകൾക്ക് ഉണ്ട്. ഇത് രോഗ വ്യാപനം വേഗത്തിലാക്കുന്നതിന് കാരണമാവുന്നു. ഈർപ്പമുള്ള സ്ഥലങ്ങളിൽ ആറുമാസത്തോളം ഈഡിസ് കൊതുകിന്റെ മുട്ടകൾ നശിക്കാതെ കിടക്കുകയും വെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോൾ വിരിഞ്ഞു കൊതുകുകളായി മാറുകയും ചെയ്യും.
കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുക എന്നതാണ് രോഗ നിയന്ത്രണത്തിനുള്ള പ്രധാന പോംവഴി. രോഗസാധ്യതാ പ്രദേശങ്ങളിൽ പണിയെടുക്കുന്നവർ കൊതുകുകടിയേൽക്കാതിരിക്കുവാനുള്ള വ്യക്തിഗത സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുക എന്നതും പ്രധാനമാണ്.
വീടുകളിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ, ചിരട്ട, മുട്ടത്തോട്, ഇളനീർ തൊണ്ടുകൾ, ഉപയോഗ ശൂന്യമായ ടയറുകൾ, പ്ലാസ്റ്റിക് കൂടുകൾ, വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങൾ, ചെടിച്ചട്ടികൾ, കവുങ്ങിൻ തോട്ടത്തിലെ പാളകൾ, റബ്ബർ തോട്ടത്തിലെ ചിരട്ടകൾ തുടങ്ങി വെള്ളം കെട്ടിക്കിടന്നു കൊതുകു വളരാനുള്ള സാദ്ധ്യതകൾ പൂർണമായും ഒഴിവാക്കണം .
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തി പൊതുജനപങ്കാളിത്തത്തോടെ വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, തോട്ടങ്ങൾ, നിർമാണ പ്രവർത്തങ്ങൾ നടക്കുന്ന കെട്ടിടങ്ങൾ തുടങ്ങി വ്യത്യസ്തമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. .
കൊവിഡിനെ ചെറുത്തു നിർത്താനുളള വലിയ പ്രവർത്തനത്തിലാണ് സർക്കാരും മറ്റു സംവിധാനങ്ങളും. ഇതിനിടയിൽ പകർച്ചവ്യാധികൾ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ടെന്നും രോഗ പ്രതിരോധം എന്നത് സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കടമയാണെന്ന് തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനു മാത്രമെ മെച്ചപ്പെട്ട ആരോഗ്യാന്തരീക്ഷം സൃഷ്ടിക്കുവാൻ കഴിയുകയുള്ളൂ എന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു .