ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണം ആരംഭിച്ചു.
തിരുവനന്തപുരം:ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് ബജറ്റ് അവതരണം ആരംഭിച്ചു. ക്ഷേമപെൻഷനുകൾ 1600 രൂപ ആക്കും എന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ഏപ്രിൽ മുതൽ ഇത് ലഭിച്ചുതുടങ്ങും. റബറിൻ്റെ താങ്ങുവില 170 രൂപയാക്കി ഉയർത്തി.
തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 100 കോടി രൂപ അനുവദിച്ചു. 15000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും. 8 ലക്ഷം തൊഴിലവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അഞ്ചുവർഷത്തിനിടെ നേരിടേണ്ടി വന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയെന്ന് അവകാശപ്പെട്ട ഐസക്ക്, സർക്കാരിന്റെ ഓരോനേട്ടവും എണ്ണിപ്പറഞ്ഞു. ആരോഗ്യവകുപ്പിൽ പുതുതായി 4000 തസ്തികകൾ സൃഷ്ടിക്കുമെന്നും പറഞ്ഞു.
കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങളെ ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്ക് വിമർശിച്ചു. വിവിധ കാർഷികോത്പന്നങ്ങളുടെ സംഭരണവില വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. നാളികേരം(ക്വിന്റലിന്)-31 രൂപ, നെല്ല്(ക്വിന്റലിന്)-28 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
പാലക്കാട് കുഴൽമന്ദത്തെ ഏഴാം ക്ലാസുകാരി സ്നേഹയുടെ കവിത യോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം വളരെ അത്ഭുതത്തോടെയാണ് കണ്ടത്. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു.കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമെമ്പാടും അറിഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി.