നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തളളി.

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജഡ്‌ജി വിവേചനപരമായി പെരുമാറുന്നുവെന്ന് ആരോപണം ഉയര്‍ത്തി കോടതി മാറ്റാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

കോടതി ഒരു തീരുമാനമെടുത്താല്‍ നിയമപരമായി അത് ചോദ്യം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതല്ലാതെ ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത് ശരിയായ രീതിയല്ല. വിചാരണ കോടതി മാറ്റണന്ന ആവശ്യത്തോട് യോജിക്കാനാകില്ല. വിചാരണ കോടതി വിധിയോട് സര്‍ക്കാരിന് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി

അതേസമയം പുതിയ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു. നിലവിലെ പബ്ലിക് പ്രോസിക്യുട്ടർ രാജി വച്ചെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. ഒരാഴ്ചയ്ത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്ജിക്ക് എതിരെയും, ദിലീപിന് എതിരെയും ഗുരുതരമായ ആരോപണമാണ് ഇന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചത്