നടി സഞ്ജന ഗൽറാണിക്കു ജാമ്യം

ബെംഗളൂരു : ലഹരിമരുന്നു കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണിക്കു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബർ എട്ടിന് അറസ്റ്റിലായ നടി ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയെ തുടർന്നാണു ജാമ്യം ലഭിച്ചത്.

തനിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ജാമ്യം ലഭിച്ചില്ലെങ്കിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സഞ്ജന ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.

തുടർന്നു സർക്കാർ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജാമ്യം അനുവദിച്ചത്. ഇവർക്കൊപ്പം അറസ്റ്റിലായ മറ്റൊരു സിനിമാതാരം രാഗിണി ദ്വിവേദി ജയിലിൽതന്നെയാണ്.