നടൻ ദിലീപിന് മുൻകൂർ ജാമ്യം
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു. ദിലീപിനെയും മറ്റു പ്രതികളെയും കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി ഗോപിനാഥ് ഇന്ന് വിധി പറയാന്‍ മാറ്റിയത്.
ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെഎസ് സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.