നവകേരള സ്വപ്നങ്ങള്‍ പങ്കുവച്ച് വിദ്യാര്‍ഥികള്‍

മുഖമന്ത്രി പിണിറായി വിജയനുമായി നവകേരള നിര്‍മിതിക്കായുള്ള സ്വപ്നങ്ങളും ആശയങ്ങളും പങ്കുവച്ച് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ നടന്ന സംവാദത്തില്‍ കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 60ലേറെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വിവിധ നിര്‍ദ്ദേശങ്ങളും ആശയങ്ങളും വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നുവന്നു. ഓരോ ചോദ്യവും ശ്രദ്ധിച്ച് കേട്ടു കുറിച്ചെടുത്ത മുഖ്യമന്ത്രി അവയ്ക്ക് അവസാനം മറുപടിയും നല്‍കി.

സംസ്ഥാനത്ത് ഇതുവരെ നടത്തിയതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത ചര്‍ച്ച കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തലത്തിലും യൂണിവേഴ്‌സിറ്റി തലത്തിലും തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ ആ രീതിയില്‍ പരിഗണിക്കും. അക്കാദമിക് തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ട വിഷയങ്ങളില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോത്ര വിഭാഗങ്ങള്‍ക്കായി അന്തര്‍ ദേശീയ ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും. അതോടൊപ്പം ഭാവിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അവ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള കാര്യങ്ങള്‍ കെട്ടിടത്തിന്റെ പ്ലാനില്‍ തന്നെ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണ്. കോഴ്‌സുകളുടെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്തും. ഇതോടെ വിവിധ കലാശാലകള്‍ക്കിടയില്‍ സ്റ്റുഡന്‍സ് എക്സ്ചേഞ്ച് സംവിധാനം സാധ്യമാവും.

സ്‌കൂളുകള്‍ ഹൈടെക്ക് ആവുന്നതോടൊപ്പം തന്നെ അതിനനുസൃതമായി അധ്യാപകര്‍ക്കുള്ള പരിശീലനും നല്‍കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് സ്‌കൂളുകളിലെ അക്കാദമിക മികവിലൂടെ ദൃശ്യമാവുന്നത്. കോളേജുകളിലും കൗണ്‍സലിംഗ് സംവിധാനം ഒരുക്കുന്നത് പരിഗണിക്കും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കീഴിലെ സാമൂഹ്യസന്നദ്ധ സേനയില്‍ മൂന്ന് ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. അവരില്‍ ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സൗകര്യങ്ങളിലുള്‍പ്പെടെ കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ കാലങ്ങളായി അനുഭവിച്ചുവരുന്ന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചര്‍ച്ചയോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്കു കീഴിലെ കോളേജുകളില്‍ കോഴ്‌സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം, പുതിയ കോഴ്‌സുകള്‍ നടപ്പിലാക്കണം, കോളേജുകള്‍ ഭിന്നശേഷി സൗഹൃദമാക്കണം, ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം, ഫോക്ലോര്‍ കലാകേന്ദ്രം പരിഗണിക്കണം, സ്വകാര്യമേഖലയിലെ ബിഎഡ് കോളേജുകളിലെ ഫീസ് ഏകീകരിക്കണം, തൊഴിലധിഷ്ടിത കോഴ്‌സുകള്‍ വേണം, വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, റെസിഡന്‍ഷ്യല്‍ കോളേജുകള്‍, കായിക വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ കോഴ്സുകള്‍ തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നുവന്നത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര, മാങ്ങാട്ടുപറമ്പ്, പാലയാട് കാമ്പസുകള്‍, വനിതാ കോളേജ്, നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, മേരിമാതാ കോളേജ് വയനാട്, സെന്റ് ജോസഫ് കോളേജ്, മോഡല്‍ കോളേജ് മടിക്കേരി, എംജി കോളേജ് ഇരിട്ടി, ബ്രണ്ണന്‍ കോളേജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ തുടങ്ങിയ കോളേജുകളിലെ വിദ്യാര്‍ഥികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.