നവീകരണമെന്ന പേരില്‍ ചരിത്ര ശേഷിപ്പുകളുടെ പ്രാധാന്യം നശിപ്പിക്കരുത്: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

നവീകരണമെന്ന പേരില്‍ ചരിത്ര ശേഷിപ്പുകളുടെ പ്രാധാന്യം നശിപ്പിക്കരുതെന്നും ചരിത്ര പ്രാധാന്യമുള്ള പള്ളികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകാതിരുന്നത് കൊണ്ടല്ല, മറിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അവയുടെ ചരിത്ര മൂല്യം നശിച്ചതാണ് അവ എണ്ണത്തില്‍ കുറയാന്‍ കാരണമെന്നും പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംരക്ഷിത സ്മാരകമാക്കി മാറ്റിയ കണ്ണൂര്‍ സെന്റ് ജോണ്‍സ് സിഎസ്‌ഐ ഇംഗ്ലീഷ് പള്ളിയുടെ സമര്‍പ്പണവും പുരാരേഖ കൈമാറ്റവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നിലവിലുള്ള 185 സംരക്ഷിത സ്മാരകങ്ങളില്‍ 15എണ്ണം ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഉള്ളതാണ്. അതില്‍ മൂന്ന് എണ്ണം കണ്ണൂര്‍ നഗരത്തിലാണെന്നത് ഏറെ അഭിമാനകരമാണ്. 40ല്‍ പരം ക്ഷേത്രങ്ങള്‍, 20ഓളം കൊട്ടാരക്കെട്ടുകള്‍, 10ഓളം കോട്ടകള്‍, പള്ളികള്‍, സിനഗോഗുകള്‍, പഗോഡകള്‍, ആദിമ ആവാസ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സംരക്ഷിത സ്മാരകങ്ങളില്‍ ആകെ നാല് ക്രിസ്ത്യന്‍ പള്ളികള്‍ മാത്രമാണുള്ളത്. അതിന്റെ പ്രധാന കാരണം നവീകരണത്തിന്റെ ഭാഗമായി പള്ളി കമ്മറ്റികള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

കണ്ണൂരില്‍ സെന്റ് ജോണ്‍സ് പള്ളിക്ക് പുറമെ ആദ്യകാല കലക്ടറേറ്റ് ആയിരുന്ന നിലവിലെ ഹാന്‍ഡ് വീവ് കെട്ടിടവും പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂളിന്റെ മുഖമണ്ഡപവുമാണ് സംരക്ഷിത സ്മാരകങ്ങളാക്കുന്നത്. ഹാന്‍ഡ് വീവ് കെട്ടിടത്തില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് ശാസ്ത്രീയ സംരക്ഷണം പൂര്‍ത്തിയാക്കി. ഇവിടെ മ്യൂസിയം വകുപ്പിന് കീഴില്‍ സ്ഥാപിക്കുന്ന കൈത്തറി മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 2.12 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കൈത്തറി മ്യൂസിയം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂളില്‍ 47 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന മുഖമണ്ഡപത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കും.

പള്ളി സംരക്ഷിത സ്മാരകമാക്കി മാറ്റുമ്പോള്‍ അതിന്റെ കൈവശ, പരിപാലന അവകാശങ്ങളിലോ ആചാര അനുഷ്ഠാനങ്ങളിലോ സര്‍ക്കാര്‍ യാതൊരുവിധ ഇടപെടലും നടത്തുന്നതല്ലെന്നും ഈ ചരിത്ര നിര്‍മ്മിതിയെ വരും തലമുറയ്ക്ക് വേണ്ടി പരിപാലിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വ്യക്തമാക്കി.

86.50 ലക്ഷം രൂപയാണ് സെന്റ് ജോണ്‍സ് പള്ളിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. കൂടാതെ വിശുദ്ധ ബൈബിള്‍ ഉള്‍പ്പെടെയുള്ള അമൂല്യ രേഖകള്‍ സംരക്ഷിക്കുന്നതിന് പുരാരേഖ വകുപ്പിന് 22.29 ലക്ഷവും അനുവദിച്ചിരുന്നു. 1853 മുതല്‍ പഴക്കമുള്ള രേഖകളാണ് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷണ വിധേയമാക്കിയത്. 1892ല്‍ ആദ്യ പ്രതിയായി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിള്‍, ബാപ്റ്റിസം രജിസ്റ്റര്‍, മാരേജ് രജിസ്റ്റര്‍, ബറിയല്‍ രജിസ്റ്റര്‍, ഫാമിലി രജിസ്റ്റര്‍, സര്‍വ്വീസ് രജിസ്റ്റര്‍ എന്നിങ്ങനെ പതിനായിരത്തോളം പേജുകള്‍ വരുന്ന നാല്‍പതിലധികം രേഖകളാണ് വകുപ്പ് സംരക്ഷണത്തിനായി ഏറ്റെടുത്തത്. പുരാരേഖാ വകുപ്പിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കേരള മ്യൂസിയമാണ് ഇവിടെ നിന്നും കണ്ടെടുത്ത വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ സംരക്ഷണത്തിന് വിധേയമാക്കിയത്.

പള്ളിയുടെ ആരാധനാപരമായി കാര്യങ്ങള്‍ക്ക് ഭംഗം വരുത്താതെ തന്നെയാണ് സംരക്ഷണ പ്രവൃത്തികള്‍ നടന്നത്.
കെ സുധാകരന്‍ എം പി അധ്യക്ഷനായി. സംരക്ഷണ വിധേയമാക്കിയ പുരാരേഖകള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ നിന്നും സിഎസ്‌ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയിസ് മനോജ് വിക്ടര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് പള്ളിയുടെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ശിലാഫലകത്തിന്റെ അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.

പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ രജികുമാര്‍, പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍ എഞ്ചിനീയര്‍ എസ് ഭൂപേഷ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, കന്റോണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡണ്ട് കേണല്‍ പി പത്മനാഭന്‍, സെന്റ് ജോണ്‍സ് സിഎസ്‌ഐ ചര്‍ച്ച് വികാരി റവ. രാജു ചീരന്‍ സൈമണ്‍ എന്നിവര്‍ പങ്കെടുത്തു.