നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഫോക്‌ലോർ അക്കാദമി 2021ലെ നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലമാണ് അവാർഡിന് പരിഗണിക്കുക. കലാകാരന്റെ പേര്, വിലാസം, ജനന തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം. അപേക്ഷ എഴുതിയോ ടൈപ്പ് ചെയ്‌തോ കലാകാരന്റെ ഒപ്പ് രേഖപ്പെടുത്തിയാണ് സമർപ്പിക്കേണ്ടത്. കലാരംഗത്തെ പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുൻസിപ്പൽ/ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ചേർക്കണം. പ്രാഗത്ഭ്യം തെളിയിക്കാൻ മറ്റു ജനപ്രതിനിധികളിൽനിന്നോ സാംസ്‌കാരിക സ്ഥാപനങ്ങൾ, അനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട കാവുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ പ്രതിനിധികളിൽ നിന്നോ ലഭിക്കുന്ന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കാം. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ, കലാ സംഘടനയോ അവാർഡിന് നിർദ്ദേശിക്കുകയാണെങ്കിൽ ആ അപേക്ഷയിലും മേൽപറഞ്ഞ വിവരങ്ങൾ ഉൾപ്പെടുത്തണം. അതോടൊപ്പം കലാകാരന്റെ സമ്മതപത്രവും നൽകണം. അപേക്ഷകൻ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവാർഡുകളും അവയ്ക്കുളള പ്രത്യേക നിബന്ധനകളും താഴെ ചേർക്കുന്നു.

ഫെല്ലോഷിപ്പ്
നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചം, മുൻ വർഷങ്ങളിൽ അക്കാദമിയുടെ അവാർഡിന് അർഹരായ 30 വർഷത്തെ കലാപ്രാവീണ്യമുള്ള നാടൻ കലാകാരാൻമാർക്ക് അപേക്ഷിക്കാം

അവാർഡ്
നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 20 വർഷത്തെ പ്രാവീണ്യമുള്ള നാടൻ കലാകാരൻമാർക്ക് അപേക്ഷിക്കാം

ഗുരുപൂജ പുരസ്‌കാരം
65 വയസ്സ് പൂർത്തിയായ നാടൻ കലാകാരൻമാരെയാണ് ഇതിനായി പരിഗണിക്കുക. അവാർഡുകൾ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

യുവപ്രതിഭാ പുരസ്‌കാരം
നാടൻകലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച യുവനാടൻ കലാകാരൻമാർക്ക് അപേക്ഷിക്കാം. പ്രായപരിധി പതിനെട്ടിനും 40 വയസ്സിനും മധ്യേ.