നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കും

നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കാനൊരുങ്ങി ജില്ലാ ഹരിത കേരള മിഷന്‍. ഇതിനായുള്ള കര്‍മ്മ പദ്ധതി രൂപീകരണ യോഗം കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സ്‌കൂളുകളും, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബദല്‍ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാമ്പയിന്‍ നടത്താന്‍ യോഗം തീരുമാനിച്ചു. കൂടാതെ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കി മാറ്റുന്നതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കലക്ടേഴ്‌സ് ട്രോഫി നല്‍കും. ബദല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി വ്യാപാരി സംഘടനയുടെ ഭാരവാഹികള്‍ പേപ്പര്‍ ബാഗ്, തുണി സഞ്ചി തുടങ്ങിയ ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ക്കും. ജില്ലയിലെ പ്രധാനപ്പെട്ട ഇടങ്ങൡ കുടുംബശ്രീ വ്യാപാരസംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ബദല്‍ ഉല്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കും. പ്രധാന കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച കര്‍ശന മുന്നറിയിപ്പു നല്‍കുന്നതിനും ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വ്യാപാര വില്‍പന ശാലകളില്‍ അടിയന്തിര റെയ്ഡുകള്‍ നടത്താനും യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ തല ടീമുകള്‍ രൂപീകരിക്കും. ഡിസംബറോടെ നിയമ നടപടികള്‍ കര്‍ശനമാക്കും.

കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ ഹരിത കേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, എഡിസി പി എം രാജീവ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.