നാല് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലേക്ക് പോകും. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മേയില്‍ ആണ് മുഖ്യമന്ത്രിയുടെ യാത്ര. മെയ് ഏഴിന് അദ്ദേഹം അബുദാബിയിലെത്തും. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. മേയ് 8 മുതല്‍ പത്തു വരെ അബുദാബി നാഷണല്‍ എക്‌സ്ബിഷന്‍ സെന്ററിലാണ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ്. യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മേയ് ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണല്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും മേയ് പത്തിന് ദുബായിലെ പരിപാടിയിലും മുഖ്യമന്ത്രി പൊതുജനങ്ങളുമായി സംവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി.രാജീവ്, പൊതുമാരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി തുടങ്ങി ഒമ്പതംഗ സംഘമാണ് യുഎഇ സന്ദര്‍ശിക്കുന്നത്. യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലെത്തുന്നത്.