നിയമസഭാ തെരഞ്ഞെടുപ്പ് പരാതിരഹിതമാക്കും: ജില്ലാ കലക്ടര്‍

എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ്

ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പരാതിരഹിതമാക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടികളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത്തവണ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ്്് സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം ഇത് നിശ്ചയിക്കും. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയുടെയും മൈക്രോ ഒബ്‌സര്‍വര്‍മാരുടെയും സാന്നിധ്യം ഉണ്ടായിരിക്കും. സഹായികള്‍ വോട്ട് ചെയ്യുന്ന കേസുകള്‍ ജില്ലയില്‍ പൊതുവെ കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വോട്ടറുടെയും പകരം വോട്ട് ചെയ്യുന്ന സഹായിയുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് തടയുമെന്നും അദ്ദേഹം അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മാധ്യമപ്രവര്‍ത്തകരുമായുള്ള ആശയവിനിമയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലു വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ ബാലറ്റ്
മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 80 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതരും ക്വാറന്റൈനിലുള്ളവരും, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അവശ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അവശ്യ സേവന മേഖലയിലുള്ളവര്‍ ഒഴികെയുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിക്കും. പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ നല്‍കുന്നവര്‍ക്ക് അതുവഴി മാത്രമേ വോട്ട് ചെയ്യാനാവൂ. വോട്ടര്‍പട്ടികയില്‍ അവരുടെ പേരിന് നേരെ പിബി (പോസ്റ്റല്‍ ബാലറ്റ്) എന്ന് രേഖപ്പെടുത്തുന്നതിനാല്‍ അവര്‍ക്ക് ബൂത്തില്‍ ചെന്ന് വോട്ട് ചെയ്യാനാവില്ല. അവശ്യ സേവന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത ദിവസങ്ങളില്‍ മണ്ഡലം തലത്തില്‍ ഒരുക്കുന്ന പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്ററില്‍ എത്തിയാണ് തപാല്‍ വോട്ട് രേഖപ്പെടുത്തേണ്ടതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ജില്ലയില്‍ 2013846 വോട്ടര്‍മാര്‍
ജില്ലയില്‍ 948583 പുരുഷന്‍മാരും 1065248 സ്ത്രീകളും 15 ഭിന്നലിംഗക്കാരും ഉള്‍പ്പെടെ 2013846 വോട്ടര്‍മാരാണുള്ളത്. 11 നിയോജകമണ്ഡലങ്ങളിലായി 1858 പോളിംഗ് സ്‌റ്റേഷനും 1279 ഓക്‌സിലറി സ്‌റ്റേഷനുമാണ് ജില്ലയിലുള്ളത്. ഇവിടങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനകം ഒരുക്കിക്കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആറ് സ്ഥലങ്ങളിലായി ഏഴ് കേന്ദ്രങ്ങളിലാണ് ഇത്തവണ വോട്ടെണ്ണല്‍ നടക്കുക. സര്‍ സയ്യിദ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ (പയ്യന്നൂര്‍, തളിപ്പറമ്പ്), ചിന്മയ വിദ്യാലയം (കല്യാശ്ശേരി, അഴീക്കോട്, കണ്ണൂര്‍), ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് (ധര്‍മടം), തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ (ഇരിക്കൂര്‍), ബ്രണ്ണന്‍ കോളേജ് (തലശ്ശേരി), ഇരിട്ടി എംജി കോളേജ് (പേരാവൂര്‍, മട്ടന്നൂര്‍), നിര്‍മലഗിരി കോളേജ് (കൂത്തുപറമ്പ്) എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് മുറികളിലായി ഏഴ് വീതം എന്ന നിലയില്‍ 28 ടേബിലുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക.

16316 പോളിംഗ് ഉദ്യോഗസ്ഥര്‍
കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഡ്യൂട്ടി ഒഴിവ് അനുവദിക്കില്ല. ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക്് റിസര്‍വ്വ് ഉള്‍പ്പെടെ 16316 പോളിഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. സുരക്ഷാ ചുമതലകള്‍ക്കായി 30,000 പോലിസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാരും മുതിര്‍ന്നവരുമായ വോട്ടര്‍മാരെ സഹായിക്കാന്‍ എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാരുടെയും സേവനം ഉറപ്പുവരുത്തും. റിട്ടേണിംഗ് ഓഫീസര്‍മാരുടെ ഓഫീസിലും ജില്ലാതലത്തിലും പ്രത്യേകം ഹെല്‍പ്പ് ലൈന്‍ സംവിധാനവും ഒരുക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന പോളിംഗ് ബൂത്തുകള്‍ ഒരു നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന തോതില്‍ ഒരുക്കും. കൊവിഡ് പെരുമാറ്റച്ചട്ടത്തിനൊപ്പം ഹരിത പെരുമാറ്റച്ചട്ടവും പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ക്കു പകരം പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിക്കും.

മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമാക്കും
തെരഞ്ഞെടുപ്പ് വേളയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സി വിജില്‍ ആപ്ലിക്കേഷന്‍ മുഖേന അറിയിക്കാം. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവും ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞു. ഇക്കാര്യത്തില്‍ അന്തര്‍ ജില്ലാ – അന്തര്‍ സംസ്ഥാന സഹകരണവും ഉറപ്പുവരുത്തും. സാമൂഹ്യമാധ്യമങ്ങളെ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിനും സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും മാധ്യമ പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യുന്നതിനും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ പ്രവര്‍ത്തനവും ആരംഭിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പദ്മനാഭന്‍, പ്രസ് ക്ലബ് പ്രസിഡണ്ട് എ കെ ഹാരിസ് എന്നിവരും പങ്കെടുത്തു.