നിരത്തുകളിലെ എഐ ക്യാമറകളിൽ ആശങ്ക വേണ്ട;നിയമം ലംഘിക്കാതിരുന്നാല്‍ മതി’: ഗതാഗത കമ്മീഷണ‍ര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതിൽ പൊതുജനങ്ങൾക്ക് ആശങ്ക  വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാൽ മതിയെന്നും ഗതാഗത കമ്മീഷണ‍ര്‍ എസ്. ശ്രീജിത്ത്. നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയിൽ പതിയുക. നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയെന്നത് ലക്ഷ്യമല്ല. മോട്ടോർ വാഹന വകുപ്പാണ് നിയമലംഘനത്തിന് നോട്ടീസ് നൽകുന്നതും പിഴയീടാക്കുന്നതും. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യുന്നത് നിയമലംഘനമാണ്. മൂന്നാമത്തെ യാത്രക്കാരൻ കുട്ടിയാണെങ്കിലും ഇളവുണ്ടാകില്ല. കാറുകളിൽ പിറകിലിരിക്കുന്നവർക്കൊപ്പമായിരിക്കണം കൈകുഞ്ഞുങ്ങൾ. നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഗതാഗത കമ്മീഷണ‍ര്‍ വിശദീകരിച്ചു.

ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാനായി സംസ്ഥാനത്ത് നാളെ മുതലാണ് എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുക. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും കാറുകളിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിലും, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാലും, അമിത വേഗത്തിൽ പോയാലും, ട്രാഫിക് സിഗ്നൽ തെറ്റിച്ചാലും ഒക്കെ പിടിവീഴും. ഒപ്പം വലിയ തുക പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ടാക്സ് അടയ്ക്കാൻ പോകുമ്പോള്‍ പിടിവീഴും. അല്ലെങ്കില്‍ വാഹനം കൈമാറ്റം ചെയ്യുന്ന സമയത്ത് പിടികൂടും. ഇങ്ങനെ പണം അടയ്ക്കുന്നവര്‍ നല്ലൊരു പിഴയും നല്‍കേണ്ടി വരും. തുടര്‍ച്ചായി ഫൈൻ അടയ്ക്കാതെ മുങ്ങി നടക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനാണ് തീരുമാനം.