പക്ഷിമൃഗാദികളെ വളര്‍ത്തല്‍ ലൈസന്‍സ്: ഏകജാലക സംവിധാനം കൊണ്ടുവരും- മന്ത്രി ജെ ചിഞ്ചു റാണി

പക്ഷി മൃഗാദികളെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇരിട്ടി കിളിയന്തറയിലെ റിന്റര്‍ പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക് പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അരുമ മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്തുന്നത് ഏറി വരുന്ന സാഹചര്യത്തില്‍ ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിന് ഏകജാലക സംവിധാനമാണ് അഭികാമ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വെറ്ററിനറി മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ടുമാരുള്‍പ്പെട്ട ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് ഓരോ പ്രദേശത്തേയും വെറ്ററിനറി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. രാത്രികാലങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി സംവിധാനമാണ് ലക്ഷ്യമിടുന്നത്. മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

വീട്ടുപടിക്കല്‍ വൈദ്യസഹായം എത്തിക്കുന്നതിനായി അത്യന്താധുനിക ടെലി വെറ്ററിനറി വൈദ്യ സംവിധാനം ഒരുക്കി കഴിഞ്ഞു. വളര്‍ത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള ആധുനിക ചികിത്സ ഇത് വഴി ലഭ്യമാകും. റിന്റര്‍പെസ്റ്റ് ഇ റാഡിക്കേഷന്‍ ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം ശക്തമാക്കി പകര്‍ച്ചവ്യാധികള്‍ തടയും. അതിര്‍ത്തികള്‍ വഴിയുള്ള പക്ഷിമൃഗാദികളുടെ കടത്ത് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. രോഗബാധയുള്ളവയെ നിരീക്ഷണത്തിലാക്കി ചികിത്സിച്ച് ഭേദമാക്കും. അല്ലാത്തവയെ തിരിച്ചയക്കും. ഇത്തരം നടപടികള്‍ക്ക് ചെക്ക് പോസ്റ്റുകള്‍ അനിവാര്യമാണ്. മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.

ഇരിട്ടി കിളിയന്തറയില്‍ പ്രവര്‍ത്തിക്കുന്ന റിന്റര്‍പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക് പോസ്റ്റില്‍ ഒരു ഫീല്‍ഡ് ഓഫീസര്‍, മൂന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് അറ്റന്റര്‍മാര്‍ എന്നിവര്‍ മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകയില്‍ നിന്നും കൊണ്ടു വരുന്ന മൃഗങ്ങളെ ഭൗതിക പരിശോധന നടത്തി രോഗബാധ തിരിച്ചറിയുക. മറ്റ് മാരക രോഗ വാഹകാരാണോ എന്ന് അറിയുന്നതിന് സെറം, സ്വാബ് ടെസ്റ്റുകള്‍ നടത്തി ലാബുകളിലേക്ക് അയക്കുക, കുളമ്പ് രോഗത്തിന് എതിരായ പ്രതിരോധ കുത്തിവെപ്പ് നടത്തുക തുടങ്ങിയവയാണ് ചെക്ക് പോസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍.

സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷനായി. കെ സുധാകരന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, അംഗം ലിസി ജോസഫ്, ഇരിട്ടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, അംഗം മേരി റജി, പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി, അംഗം അനില്‍ എം കൃഷ്ണന്‍,
റിന്റര്‍പെസ്റ്റ് ഇറാഡിക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ പാലക്കാട് ഡോ. എം വി ജയന്തി, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. എം പി ഗിരീഷ് ബാബു,
റിന്റര്‍പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക് പോസ്റ്റ് ഫീല്‍ഡ് ഓഫീസര്‍ വി വിജയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.പി എന്‍ ഷിബു, ഡോ. കെ എം രവി, ഡോ. സിബി കെ ചാക്കോ എന്നിവര്‍ ക്ലാസ്സെടുത്തു.