പച്ചക്കറികൾ വീടുകളിൽ കൃഷി ചെയ്ത് വിലക്കയറ്റം തടയണം; കൃഷിമന്ത്രി

പച്ചക്കറികളുടെ വിലക്കയറ്റം തടയാൻ അവ സ്വന്തം വീടുകളിൽ കൃഷി ചെയ്ത് ഉത്പാദിപ്പിക്കണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മുണ്ടേരി ഗ്രാമപഞ്ചായത്ത് സകുടുംബം സയോജിത കൃഷി ഉൽപ്പാദനോപാധികളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അയൽ സംസ്ഥാനങ്ങളുടെ വണ്ടി വന്നില്ലെങ്കിൽ അടുക്കള പുകയില്ല എന്ന സ്ഥിതി മാറണം. ഭക്ഷണം കഴിക്കുന്നവൻ അത് ഉൽപാദിപ്പിക്കാനും ബാധ്യസ്ഥനാണ്. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തമാണ് കൃഷി. നമ്മുടെ പാടവും പറമ്പും വെറുതെയിട്ട് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ആവശ്യമായ ഭക്ഷണം ഉൽപാദിപ്പിക്കാൻ നാം തന്നെ മുന്നിട്ടിറങ്ങണമെന്നും ഏതു വിലക്കയറ്റത്തെയും ചെറുക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യത്തിന്റെ അടിത്തറ കഴിക്കുന്ന ഭക്ഷണമാണ്. നാവിന്റെ രുചിക്ക് കീഴ്പ്പെട്ടിട്ടുള്ള ഭക്ഷണ രീതിയാണ് നമ്മുടേത്. അത് എത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ സാക്ഷരത ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. ജീവിതശൈലീ രോഗങ്ങൾ കൂടി വരുന്ന ഈ കാലത്ത് വിഷരഹിതമായ ഭക്ഷ്യ വസ്തുക്കൾ ഉൽപാദിപ്പിക്കണം.
മുണ്ടേരി ഗ്രാമപഞ്ചായത്തിന്റെ സകുടുംബം സംയോജിത കൃഷി എന്നത് വലിയ ആശയമാണെന്നും കേരളത്തിന് അത് വഴികാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടേരി ഗ്രാമപഞ്ചായത്തും മുണ്ടേരി കൃഷിഭവനും ചേർന്ന് ഈ വർഷം ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഒരു പിടി വിത്തും ഒരു പറ നെല്ലും പദ്ധതി വൻ വിജയമായിരുന്നു. അതിന്റെ തുടർ പ്രവർത്തനമെന്ന നിലയിൽ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയാണ് ‘സകുടുംബം സംയോജിത കൃഷി-3000 വീടുകളിൽ പച്ചക്കറി കൃഷി. എല്ലാ വീടുകളിലും അവർക്കാവശ്യമായ പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മുണ്ടേരി അഗ്രോ സർവീസ് സെന്ററിന്റെ വിവിധതരം പച്ചക്കറി തൈകൾ വിത്തുകൾ, വളങ്ങൾ, ഗ്രോ ബാഗ്, ജൈവ കീടനാശിനികൾ എന്നിവയുൾപ്പെട്ട സ്റ്റാളും, മുണ്ടേരി കൃഷി ഭവന്റെ എക്സിബിഷനും മലപ്പുറം കൃഷി വിജ്ഞാൻ കേന്ദ്ര തയ്യാറാക്കിയ പ്രദർശന ചാർട്ടുകളും കർഷകൻ ഷിംജിത്ത് തില്ലങ്കേരിയുടെ 210 തരം നെല്ലിനങ്ങളും പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു.

രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷനായി. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ കെ അജിമോൾ കാർഷിക ആൽബം മന്ത്രിക്ക് കൈമാറി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള ഭാരതീയ പ്രകൃതി കൃഷി – ജൈവിക ഉൽപ്പാദനോപാധികളുടെ വിതരണം ഉദ്ഘാടനം ചെയ്തു. കണ്ണൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം എൻ പ്രദീപൻ പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ ബിന്ദു, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനീഷ, വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, അംഗം പി അഷ്‌റഫ്‌, എടക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സീമ സഹദേവൻ, മുണ്ടേരി കൃഷി ഓഫീസർ ടി കൃഷ്ണപ്രസാദ്, വിവിധ രാഷ്ട്രീയ സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.’