പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു

ന്യൂഡൽഹി: പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം  ചൊല്ലിക്കൊടുത്തു.സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രതിഷേധിച്ച്‌ അമരീന്ദര്‍ സിംഗ് ചടങ്ങ് ബഹിഷ്ക്കരിച്ചു.

ഉപമുഖ്യമന്ത്രി പദത്തിലും അവസാന നിമിഷ ട്വിസ്റ്റ് സംഭവിച്ചു. ഉപമുഖ്യമന്ത്രിമാരിലൊരാളായി ഓംപ്രകാശ് സോനി സത്യപ്രതിജ്ഞ ചെയ്തു.

ബ്രഹ്മ് മൊഹീന്ദ്ര ഉപമുഖ്യമന്ത്രിയാകുമെന്നായിരുന്നു എഐസിസി നേതാക്കള്‍ ട്വീറ്റ് ചെയ്തത്.

മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ നാടകീയ വഴിത്തിരിവാണ് പഞ്ചാബിലുണ്ടായത്. പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള സിദ്ദുവിന്‍റെ ഇടപെടലാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ദളിത് സിഖ് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായാല്‍ ‍ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്ന് സിദ്ദു വാദിച്ചു. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുകയായിരുന്നു. അമരീന്ദര്‍സിംഗ് സിംഗിനൊപ്പം നിന്ന ചന്നി അധികാരമാറ്റത്തില്‍ സിദ്ദുവിനൊപ്പം ചേരുകയായിരുന്നു. ഭാവിയില്‍ മുഖ്യമന്ത്രി പദം പ്രതീക്ഷിക്കുന്ന സിദ്ദു മുന്‍ നിര നേതാവല്ലാത്ത ചന്നിയെ രംഗത്തിറക്കി ഇതിനുള്ള സാധ്യത നിലനിര‍്‍ത്തുകയാണെന്നാണ് സൂചന.