പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള അദാലത്ത് ജനുവരി 29ന്

ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി അദാലത്ത് സംഘടിപ്പിക്കുന്നു. ആദ്യഘട്ടം എന്ന നിലയില്‍ ജനുവരി 29ന് ആറളം ഫാം സ്‌കൂളിലാണ് അദാലത്ത് സംഘടിപ്പിക്കുക.തുടര്‍ന്ന് താലൂക്ക് തല അദാലത്തുകള്‍ നടത്തും. ജനുവരി 15 നകം പരാതികള്‍ സ്വീകരിക്കും. നേരിട്ടുള്ള പരാതികളും അദാലത്തില്‍ സ്വീകരിക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐ ടി ഡി പി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. പട്ടിക വര്‍ഗ്ഗ കോളനികളിലുള്ളവര്‍ക്ക് സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നതിനാണിത്. പ്രൊമോട്ടര്‍മാര്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്യും. റേഷന്‍കാര്‍ഡ്, ആധാര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കും. റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം, വനം, എക്‌സൈസ്, മൃഗസംരക്ഷണം, കൃഷി തുടങ്ങി എല്ലാ വകുപ്പുകളുടെയും സേവനം അദാലത്തില്‍ ലഭ്യമാകും. അപേക്ഷയുമായി ബന്ധപ്പെട്ട് ഫോട്ടോ ഇല്ലാത്തവര്‍ക്ക് ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. സൗജന്യമായാണ് എല്ലാ സേവനങ്ങളും ലഭ്യമാക്കുക. പുതിയ ആധാര്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഗ്രൂപ്പ് എ ഓഫീസറെ അദാലത്തില്‍ നിയമിക്കണമെന്ന് നിര്‍ദ്ദേശം യോഗത്തില്‍ ഉയര്‍ന്നു.

ആറളം ഫാം സ്‌കൂളിലെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക്, ഫാമിലെ പാലങ്ങളുടെയും റോഡുകളുടെയും നിര്‍മാണ പ്രവൃത്തികള്‍, ആന ശല്യം തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇവ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഫാമില്‍ വേനല്‍ക്കാലങ്ങളില്‍ രൂക്ഷമാകുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്കുകളില്‍ കിണര്‍ കുഴിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. രാത്രികാലങ്ങളില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഒരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ യോഗത്തെ അറിയിച്ചു.

കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ എസ് സന്തോഷ്‌കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.