പതിനഞ്ച് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് വാക്സിൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും

തിരുവനന്തപുരം:പതിനഞ്ച് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകാനുള്ള രജിസ്ട്രേഷൻ ശനിയാഴ്ച തുടങ്ങും. ഓൺലൈനായും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ നൽകാനാണ് തീരുമാനം.

ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്ട്രേഷൻ സ്കൂളുകൾ വഴി പൂർത്തിയാക്കും
രജിസ്ട്രേഷനും ബുക്കിങ്ങും ഇങ്ങനെ

• https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. ഹോം പേജിനു മുകൾവശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ മൊബൈൽനമ്പർ നൽകുക. ഒ.ടി.പി. നമ്പർ ലഭിക്കാനായി Get OTP ക്ലിക്ക് ചെയ്യണം. മൊബൈലിൽ ഒരു ഒ.ടി.പി. നമ്പർ എസ്.എം.എസ്. ആയി വരും. ആ ഒ.ടി.പി. നമ്പർ അവിടെ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.

• ഫോട്ടോ ഐ.ഡി. പ്രൂഫ് കോളത്തിൽ ആധാറോ സ്കൂൾ ഐ.ഡി. കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐ.ഡി.യുടെ നമ്പറും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്സ് ആണോ എന്നും ജനിച്ചവർഷവും നൽകുക. അതിനുശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതോടെ ആ ആളുടെ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റ് മൂന്നുപേരെക്കൂടി രജിസ്റ്റർചെയ്യാം.

• വാക്സിനെടുക്കാനുള്ള അപ്പോയിൻമെന്റിനായി രജിസ്റ്റർ ചെയ്ത പേരിന് തൊട്ടുതാഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ താമസസ്ഥലത്തെ പിൻകോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച്ച് ചെയ്യാം.

• ഓരോ തീയതിയിലും വാക്സിൻ കേന്ദ്രങ്ങളുടെ ഒഴിവുകാണാം. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫേം ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്പോൾ കൺഫേം ചെയ്ത സന്ദേശം ആ പേജിലും എസ്.എം.എസ്. ആയും വരും.

• നിശ്ചിതകേന്ദ്രം കിട്ടിയില്ലെങ്കിൽ തൊട്ടടുത്തദിവസം മൊബൈൽനമ്പറും ഒ.ടി.പി. നമ്പറും നൽകി കോവിൻ സൈറ്റിൽ കയറി ബുക്കുചെയ്യാം. വാക്സിനേഷൻ നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയിൻമെന്റിന്റെയും രേഖകൾ എഡിറ്റ് ചെയ്യാൻ കഴിയും.

• വാക്സിനെടുക്കാനായി വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്.എം.എസോ കാണിക്കുക. രജിസ്റ്റർ ചെയ്ത ഫോട്ടോ ഐ.ഡി. കൈയിൽ കരുതണം.