പതിമൂന്നുകാരനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ പതിമൂന്നുകാരനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ മകന്‍ ജെറാള്‍ഡാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്ശേഷം 3.45 ഓടെ ടെറസില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു. കൂടാതെ ഇരുകാലുകളിലും കയര്‍ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു. ഉടന്‍തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതെങ്കിലും മൊബൈല്‍ ഗെയിമിന്റെ ഭാഗമായുള്ള ടാസ്‌ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടമാണോയെന്ന് പൊലീസ് സംശയിക്കുന്നു.
ഒരു മാസമായി ജെറള്‍ഡ് ഇവിടെ താമസിച്ചുവരികയായിരുന്നു. സംഭവസമയം മറ്റ് കുട്ടികള്‍ വീടിന്റെ താഴത്തെ നിലയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് കാലുകള്‍ ബന്ധിച്ചതായി ശ്രദ്ധയില്‍പെട്ടത്. സമീപത്ത് കസേരയും ഉണ്ടായിരുന്നു. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. കാല്‍ കെട്ടിയിരുന്ന കയര്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. വിശദമായ പരിശോധനയ്ക്കായി കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്തു. വാഴവര സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ജെറോള്‍ഡ്.