പത്താംതരം തുല്യത:ജില്ലയില്‍ 579 പേര്‍ പരീക്ഷ എഴുതും

സംസ്ഥാന സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്ത് 16ന് തുടങ്ങും. ജില്ലയില്‍ 579 പേര്‍ പരീക്ഷ എഴുതും. 298 പുരുഷന്മാരും 281 സ്ത്രീകളുമാണ് പരീക്ഷ എഴുതുക. 64 പേര്‍ പട്ടികജാതി വിഭാഗത്തിലുള്ളവരും 31 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവരുമാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് കൂടുതല്‍ ക്ലാസ്സുകളും നടന്നത്. അങ്കണവാടി പ്രവര്‍ത്തകര്‍,സഹകരണ വകുപ്പിലും ബാങ്കുകളിലും വൈദ്യുതി വകുപ്പിലും ജോലി ചെയ്യുന്നവര്‍, ടാക്‌സി, ഓട്ടോറിക്ഷ തൊഴിലാളികള്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ പരീക്ഷ എഴുതുന്നവരില്‍ ഉള്‍പ്പെടും. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളില്‍ പരീക്ഷ എഴുതുന്ന 66 വയസ്സുള്ള യശോദയാണ് പ്രായം കൂടിയ പഠിതാവ്. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ 18 കാരന്‍ അജ്മലും പരീക്ഷ എഴുതുന്നു. ജില്ലയില്‍ 13 ഹൈസ്‌കൂളുകളാണ് പരീക്ഷാ കേന്ദ്രങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഭൂരിഭാഗം പേരും പഠനം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇക്കുറി 15 പേരാണ് പത്താംതരം തുല്യതാ പരീക്ഷയെഴുതുന്നത്. ജയില്‍ സ്‌കൂളിലാണിവര്‍ പഠനം നടത്തിയത്.