പത്തൊൻപതുകാരിയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ

വള്ളികുന്നം(ആലപ്പുഴ): പത്തൊൻപതുകാരിയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ സ്ത്രീധനപീഡനത്തിന് അറസ്റ്റിൽ. വള്ളികുന്നം കടുവിനാൽ ലക്ഷ്മിഭവനത്തിൽ ഉത്തമൻ (51), ഭാര്യ സുലോചന (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മകനും സൈനികനുമായ വിഷ്ണുവിന്റെ ഭാര്യ സുചിത്ര(19)യെ ജൂൺ 22-നാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ മാതാപിതാക്കൾ മാനസികമായി പീഡിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് സുചിത്ര ആത്മഹത്യചെയ്തതെന്നു തെളിഞ്ഞതിനാലാണ് അറസ്റ്റെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഡോ. ആർ. ജോസ് പറഞ്ഞു.