പയ്യന്നൂരിൽ ജ്വല്ലറിയിൽ കവർച്ച

പയ്യന്നൂർ ടൗണിലെ ജ്വല്ലറിയിൽ വൻ കവർച്ച. സെൻട്രൽ ബസാറിലെ പഞ്ചമി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. മുൻ വശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറക്കും ലൈറ്റിനും പച്ച സ്പ്രേ പെയിൻ്റ് അടിച്ച മോഷ്ടാക്കൾ രണ്ട് ഷട്ടറുകളുടെയും പൂട്ട് തകർത്ത് അകത്ത് കയറി ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന 850 ഗ്രാം വെള്ളി ആഭരണങ്ങൾ കവർന്നു.

സ്വർണ്ണ ആഭരണങ്ങൾ സൂക്ഷിച്ച ലോക്കർ തകർക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്ന് രാവിലെ ഒമ്പതര മണിയോടെ ജ്വല്ലറി തുറക്കാൻ എത്തിയ ഉടമ പവിത്രൻ്റെ മകൻ അശ്വിൻ ആണ് കവർച്ച നടന്നത് കണ്ടത്. ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പോലീസ് എത്തി പരിശോധന നടത്തി.