പയ്യന്നൂര്‍ ഗാന്ധി മ്യൂസിയം ;ഒരുങ്ങുന്നത് ജില്ലയിലെ ആദ്യ സര്‍ക്കാര്‍ മ്യൂസിയം

ദേശീയതലത്തില്‍ നടന്ന ചരിത്രപ്രധാനമായ ഉപ്പുസത്യാഗ്രഹത്തിന് കേരളത്തില്‍ വേദിയായത് പയ്യന്നൂരായിരുന്നു. രണ്ടാം ബര്‍ദോളി എന്നറിയപ്പെട്ട പയ്യന്നൂരിന് ദേശീയ പ്രസ്ഥാനത്തിലും സമരത്തിലും കര്‍ഷക പ്രക്ഷോഭങ്ങളിലും ഉള്ള പങ്ക് ചെറുതല്ല. കോളനി വാഴ്ചയ്ക്കും കൊടിയ ചൂഷണത്തിനുമെതിരായ പയ്യന്നൂരിന്റെ ചെറുത്തുനില്‍പ്പുകളുടെയും സമരപോരാട്ടങ്ങളുടെയും ചരിത്രം അനാവരണം ചെയ്യുകയാണ് ഈ മ്യൂസിയം.

1934 ജനുവരി 12ന് പയ്യന്നൂരിലെത്തിയ മഹാത്മാഗാന്ധി അയിത്തോച്ചാടനത്തിന്റെ ഭാഗമായി സ്വാമി ആനന്ദതീര്‍ത്ഥനെ സന്ദര്‍ശിക്കുകയും ശ്രീനാരായണ വിദ്യാലയം വളപ്പില്‍ മാവിന്‍തൈ നടുകയും ചെയ്തിരുന്നു. ആദ്യഘട്ടമെന്ന നിലയിലാണ് പഴയ പൊലീസ് സ്റ്റേഷനില്‍ ഗാന്ധി സ്മൃതി മ്യൂസിയം സജ്ജീകരിച്ചത്. ദണ്ഡിയാത്രയുടെ മാതൃകയില്‍ കെ കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിനു സാക്ഷ്യം വഹിച്ച ഉളിയത്തുകടവും, ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധി മാവും ഖാദി കേന്ദ്രവും സൈറ്റ് മ്യൂസിയമായി മാറും. മഹാത്മഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി പുരാവസ്തു പുരാരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പയ്യന്നൂര്‍ ഗാന്ധി മ്യൂസിയം ജനുവരി 16ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാടിന് സമര്‍പ്പിക്കും.

ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെയും സര്‍ക്കാര്‍ മ്യൂസിയമാണ് പയ്യന്നൂരില്‍ ഒരുങ്ങുന്നത്. രണ്ടാം ഘട്ടത്തില്‍ ഗാന്ധി സൈറ്റ് മ്യൂസിയവും ഒരുക്കും. പയ്യന്നൂരില്‍ ഗാന്ധി സന്ദര്‍ശിച്ച ശ്രീനാരായണ വിദ്യാലയം, ഖാദി കേന്ദ്രം, ഉളിയത്ത് കടവ്, അന്നൂര്‍ കസ്തൂര്‍ബാ മന്ദിരം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഗാന്ധി സൈറ്റ് മ്യൂസിയം ഒരുക്കുക.
1910ല്‍ ഇന്തോ യൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷന്‍ ഗാന്ധിമ്യൂസിയമാക്കി മാറ്റുന്നതിന് 2.44 കോടി രൂപയാണ് അനുവദിച്ചത്. കേരള പുരാവസ്തു വകുപ്പിന്റെ പദ്ധതി ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ച് ഒരു വര്‍ഷം കൊണ്ടാണ് മ്യൂസിയം ഒരുക്കിയത്.

പയ്യന്നൂരിലെ പഴയ തലമുറയില്‍പ്പെട്ട ആളുകളെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയുള്ള ജനകീയകൂട്ടായ്മകളുടെ നേതൃത്വത്തില്‍ ചരിത്രപ്രാധാന്യമുള്ള രേഖകളും പുരാവസ്തുക്കളും ശേഖരിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഒന്നേകാല്‍കോടി രൂപ ചെലവിലാണ് പൊലീസ് സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.