പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് അഭിമാന നേട്ടം കോവിഡ് കുത്തിവെപ്പ് : ടി.ഭവാനിക്ക് ദേശീയ അംഗീകാരം

പയ്യന്നൂര്‍: മികച്ച കോവിഡ് വാക്സിനേറ്റര്‍ക്കുള്ള ദേശീയ അംഗീകാരത്തിന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ടി.ഭവാനി അർഹയായി.
കേരളത്തില്‍നിന്നും രണ്ടു പേരാണ് പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ടി.ഭവാനി, തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ ഗ്രേഡ് വണ്‍ നഴ്‌സിംഗ് ഓഫീസര്‍ ടി.ആര്‍.പ്രിയ എന്നിവര്‍ക്കാണ് ദേശീയ അംഗീകാരം.

പയ്യന്നൂരിലെ പൊതു സമൂഹത്തെയാകെ ചേർത്ത് പിടിച്ച് പയ്യന്നൂർ താലൂക്ക് ആശുപത്രി, പഴയങ്ങാടി താലൂക്ക് ആശുപത്രി, മുത്തത്തി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം, പയ്യന്നൂർ പകൽ വീട്, എന്നിങ്ങനെ പയ്യന്നൂർ നഗരസഭയിലെ മുഴുവൻ ജനങ്ങളെയും കോവിഡിനെതിരായി വാക്സിനെടുക്കുന്നതിലൂടെ സ്വയം പ്രതിരോധിക്കുന്നതിന്, സുരക്ഷിതരാക്കുന്നതിന് ലക്ഷ്യാധിഷ്ഠിതമായി നടത്തിയ പ്രയത്നങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. കോവിഡ് വാക്സിനേഷൻ രംഗത്ത് നഗരസഭയിലെ അർഹരായ മുഴുവനാളുകൾക്കും രണ്ട് ഡോസ് വാക്സിൻ നൽകിയാണ് ഈ നേട്ടത്തിലേക്കെത്തിയത്. “കരുതലാണ് കവചം” എന്ന് ജനങ്ങളെ ഓർമ്മപ്പെടുത്തി പയ്യന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്രയത്നങ്ങളാണ് ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടത്. പാർശ്വവൽക്കരിക്കപ്പെട്ടവർക്കുൾപ്പെടെ വ്യത്യസ്ത കാംപെയിനുകളിലൂടെ നഗരസഭയിൽ വാക്സിനേഷൻ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “സഹയാത്ര” കാംപെയിനിലൂടെ ദീർഘകാല രോഗ ബാധിതരായ പാലിയേറ്റീവ് രോഗികൾക്കായും,” തുണ” കാംപെയിനിലൂടെ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരെയും ” അതിഥി ദേവോ ഭവ” കാംപെയിൻ വഴി അതിഥി തൊഴിലാളികൾക്കായും ” ചാരെ” കാംപെയിൻ വഴി തെരുവോരത്ത് അലഞ്ഞ് തിരിയുന്നവരുടെയും വാക്സിനേഷൻ, പുനരധിവാസം എന്നിവ ഉറപ്പ് വരുത്തുന്നതിലും പയ്യന്നൂരിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.
.ഒന്നരലക്ഷത്തോളം പേര്‍ക്ക്് വാക്‌സിനേഷന്‍ നല്‍കാനായതിന്റെ അഭിമാന നേട്ടവുമായാണ് കഴിഞ്ഞ ഡിസംബര്‍ 28ന് പയ്യന്നൂര്‍ നഗരസഭ സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രഖ്യാപനം നടത്തിയത്്.അതിന് ശേഷം നല്‍കിയ ബൂസ്റ്റര്‍ ഡോസുള്‍പ്പെടെ ഇപ്പോള്‍ രണ്ടുലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു.ഈ പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് ആരോഗ്യ പ്രവര്‍ത്തകയായ ഭവാനിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

33വര്‍ഷമായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഭവാനിക്ക്് 18 വര്‍ഷം മുമ്പാണ് പിഎസ് സിവഴി നിയമനം ലഭിച്ചത്. പെരിങ്ങോം,പുളിങ്ങോം,കരിവെള്ളൂര്‍,പഴയങ്ങാടി, എന്നിവിടങ്ങളില്‍ സേവനം ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ ഏഴുവര്‍ഷമായി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലാണ് സേവനം തുടരുന്നത്.നിലേശ്വരം മടിക്കൈ സ്വദേശിയാണ്.

.