പരിപാലന കാലാവധിയിൽ റോഡ് അറ്റകുറ്റപണി ചുമതല കരാറുകാർക്ക്: മന്ത്രി മുഹമ്മദ് റിയാസ്
സർക്കാർ പുതിയതായി ഏർപ്പെടുത്തിയ സംവിധാനമനുസരിച്ച് റോഡുകളുടെ പരിപാലന കാലാവധിയിൽ അറ്റകുറ്റപണി ചുമതല പൂർണ്ണമായും കരാറുകാർക്കാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വളക്കൈ-കൊയ്യം-വേളം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ റോഡുകളുടെ പരിപാലന കാലാവധിയുടെ വർഷവും മാസവും ജനങ്ങളെ അറിയിക്കാൻ എല്ലാ റോഡുകളിലും ഡിഎൽപി (ഡിഫക്ട് ലയബിലിറ്റി പിരിയഡ്) ബോർഡുകൾ വെച്ചിട്ടുണ്ട്. ഈ കാലാവധിക്കുള്ളിൽ റോഡിന് അറ്റകുറ്റപണി വന്നാൽ വിളിക്കേണ്ട ഫോൺ നമ്പർ ബോർഡിലുണ്ട്. ജനങ്ങൾ കാഴ്ചയ്്ക്കാരല്ല, കാവൽക്കാരായി മാറുകയാണ് ഇത്തരം പ്രവൃത്തികളിലൂടെ. പരിപാലന കാലാവധി കഴിഞ്ഞാൽ റോഡുകളുടെ അറ്റകുറ്റപണിക്കായി മുൻകൂട്ടി കരാർ കൊണ്ടുവരുന്ന റണ്ണിംഗ് കോൺട്രാക്ട് സംവിധാനം സംസ്ഥാനത്ത് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
തളിപ്പറമ്പ-ഇരിട്ടി സംസ്ഥാന പാതയിലെ വളക്കൈ പാലം മുതൽ കൊയ്യം ടൗണിലൂടെ കടന്ന് ചെക്കിക്കടവ് പാലം വഴി മയ്യിൽ പഞ്ചായത്തിലെ വേളത്തേക്ക് എത്തിച്ചേരുന്ന 6.90 കി.മി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനമാണ് നടത്തുന്നത്. നിലവിൽ ഗ്രാമീണ റോഡ് നിലവാരത്തിലുള്ള റോഡിന്റെ ടാറിംഗ് വീതി 5.50 മീറ്റർ ആക്കി എംഡിആർ നിലവാരത്തിലേക്ക് ഉയർത്തുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കരിങ്കൽ സംരക്ഷണ ഭിത്തി,
കോൺക്രീറ്റ് ഓവുചാൽ, പത്ത് കൾവെർട്ടുകൾ ഉൾപ്പെടെ 8,20,75,911 രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.
വളക്കൈ ടൗണിൽ നടന്ന ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ, മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന, ജില്ലാപഞ്ചായത്ത് അംഗം കെ കെ രത്‌നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദനൻ, ചെങ്ങളായി പഞ്ചായത്തംഗങ്ങളായ പിപി സുരേഖ, എൻ വി രമ്യ , മൂസാൻ കുട്ടി തേർളായി, സി സത്യഭാമ, കെ വി സതീദേവി, പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് നോർത്ത് സർക്കിൾ നിരത്തുകൾ വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ഇ ജി വിശ്വ പ്രകാശ്, നിരത്തുകൾ വിഭാഗം കണ്ണൂർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം ജഗദീഷ്, നിരത്തുകൾ വിഭാഗം തളിപ്പറമ്പ അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ പ്രവീൺ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.