പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു

 ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു. 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 819 രൂപ ആയിരുന്ന സിലിണ്ടർ വില 809 രൂപയായി താഴ്ന്നു. പുതിയ നിരക്കിൽ ഏപ്രിൽ ഒന്ന് മുതൽ സിലിണ്ടറുകൾ ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് വിവരം അറിയിച്ചത്.

മാർച്ച് ഒന്നിനാണ് അവസാനമായി ഗ്യാസ് സിലിണ്ടറിന് വില വർധിപ്പിച്ചത്. സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയിൽ 826 ആയിരുന്നു. ഫെബ്രുവരിയിൽ മൂന്ന് തവണ പാചകവാതക സിലിണ്ടറിൻ്റെ വില വർധിപ്പിച്ചിരുന്നു. മാസാദ്യം സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചു. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും 25ന് 25 രൂപയും വർധിപ്പിച്ചിരുന്നു.