പാപ്പിനിശ്ശേരിയില്‍ 5 കോടിയുടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ഭരണാനുമതി

പാപ്പിനിശ്ശേരിയില്‍ ഉന്നത നിലവാരമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി. 4.89 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയായി ഉത്തരവിറങ്ങിയത്. എസ്റ്റിമേറ്റ്, ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണപ്രവൃത്തി ഉടന്‍ ആരംഭിക്കും.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലയളവില്‍ കായികമന്ത്രിയായിരുന്ന ഇ പി ജയരാജനാണ് പദ്ധതി പ്രഖ്യാപിച്ചത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിനടുത്ത് ഒരേക്കറോളം ഭൂമിയിലാണ് സ്റ്റേഡിയം ഒരുക്കുക. കായിക വകുപ്പ് എഞ്ചിനിയറിങ്ങ് വിഭാഗം മണ്ണ് പരിശോധന ഉള്‍പ്പെടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കായിക വകുപ്പിന് കീഴില്‍ ആരംഭിച്ച സ്പോട്സ് കേരള ഫൗണ്ടേഷനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
ഇന്‍ഡോര്‍ സ്റ്റേഡിയത്തിനൊപ്പം കായിക ഉപകരണങ്ങളും ഫിറ്റ്നസ് ഉപകരണങ്ങളും ഇവിടെ സജ്ജമാക്കും. 2023 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.