പാലാരിവട്ടം പാലം അഴിമതി കേസിൽ വി.കെ ഇബ്രാഹിം കുഞ്ഞിന്​ ജാമ്യം.

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ വി.കെ ഇബ്രാഹിം കുഞ്ഞിന്​ ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ച്​ ഹൈകോടതിയാണ്​ ജാമ്യം അനുവദിച്ചത്​. ഉപാധികളോടെയാണ്​ ജാമ്യമെന്ന്​ റിപ്പോർട്ടുകളുണ്ട്​.ജാമ്യ വ്യവസ്ഥയായി രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാസ്‌പോർട്ടും കോടതിയില്‍ നല്‍കണം.

‘ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നല്‍കാന്‍ ആലോചിച്ചത്. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇലക്ഷന് മത്സരിക്കാന്‍ ഉദ്ദേശിക്കുന്നു. അത് ജയിലില്‍ പോയിട്ടും ആകാം” കോടതി വിമര്‍ശിച്ചു. ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചു വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ പറഞ്ഞു.ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു.

മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയിൽ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധം ആണെന്ന് ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സർക്കാർ ചൂണ്ടിക്കാണിച്ചു. ഈ സമയത്തായിരുന്നു മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈകോടതി വിമർശിച്ചത്