പാല്‍ വില വര്‍ധന അറിയിച്ചില്ല, മില്‍മയില്‍നിന്ന് വിശദീകരണം തേടും – ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധിപ്പിച്ചത് അറിയിച്ചിട്ടില്ലെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി.

വില വര്‍ധനവിനെക്കുറിച്ച്‌ മില്‍മ അറിയിച്ചിട്ടില്ലെന്നും ഒരു വിവരവും അറിയിക്കാതെ പെട്ടെന്നാണ് വില വര്‍ധിപ്പിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.

വില വര്‍ധിപ്പിച്ചതിനെക്കുറിച്ച്‌ മില്‍മയില്‍നിന്ന് വിശദീകരണം തേടുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. പരമാവധി പാലുല്‍പാദനം വര്‍ധിപ്പിക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. പാക്കറ്റിന് ഒരുരൂപയാണ് വര്‍ധിപ്പിച്ചത്. 29 രൂപയുണ്ടായിരുന്ന മില്‍മ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയുമാകും. നാളെമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഈ പാല്‍ വിപണിയില്‍ കുറഞ്ഞ അളവില്‍ മാത്രമേ ചിലവാകുന്നുള്ളൂ എന്ന് മില്‍മ അധികൃതര്‍ പറഞ്ഞു.

കൂടുതല്‍ ആവശ്യക്കാരുള്ള നീല കവര്‍ പാലിന്റെ വിലയില്‍ മാറ്റമില്ല.