പാർക്ക് വ്യൂ സീഫുഡ് റെസ്റ്റോറന്റ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

ആന്തൂർ നഗരസഭയിലെ വെള്ളിക്കീൽ ഇക്കോ പാർക്കിന് സമീപം ആരംഭിച്ച
പാർക്ക് വ്യൂ സീഫുഡ് റെസ്റ്റോറന്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിന് കീഴിൽ സാഫ്(സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു ഫിഷർ വുമൺ)ൻ്റെ നേതൃത്വത്തിലുള്ള തീരമൈത്രി പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ തിരിച്ചടവില്ലാതെ ധനസഹായം ലഭിക്കുന്നു . 30 സീ ഫുഡ് റെസ്റ്റോറന്റുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ജില്ലയിൽ രണ്ടാമത്തേതാണ് വെള്ളിക്കീലിലെ പാർക്ക് വ്യൂ റെസ്റ്റോറൻ്റ്. ആദ്യത്തേത് നാറാത്ത് പഞ്ചായത്തിലാണ്. തീരദേശ ജില്ലകളിലുടനീളം സീഫുഡ് റസ്റ്റോറന്റുകൾ ആരംഭിക്കുന്നതോടെ രുചികരമായ കടൽ വിഭവങ്ങൾ കുറഞ്ഞ നിരക്കിൽ ഗുണമേന്മയോടെ ലഭ്യമാക്കാൻ കഴിയും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്ക് മികച്ച വരുമാനം നേടാനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതിയിലൂടെ സാധിക്കും.

ആന്തൂർ നഗരസഭാ അധ്യക്ഷൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ വി സതീദേവി, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ വി പ്രേമരാജൻ മാസ്റ്റർ, പി കെ മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, വാർഡ് കൗൺസിലർ ടി എൻ ശ്രീനിമിഷ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി കെ ഷൈനി, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് നോഡൽ ഓഫീസർ (സാഫ് )കണ്ണൂർ കെ വി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു