പിഎസ്‌സി പരീക്ഷാ ഹാളിൽ ക്ലോക്ക്; യുവജന കമ്മീഷൻ പിഎസ്‌സിയോട് റിപ്പോർട്ട് തേടി

പിഎസ്‌സി പരീക്ഷാ ഹാളിൽ സമയം അറിയാൻ ക്ലോക്ക് സ്ഥാപിക്കണമെന്ന നിരവധി ഉദേ്യാഗാർഥികളുടെ പരാതി പരിഗണിച്ച് സംസ്ഥാന യുവജന കമ്മീഷൻ കേരള പി എസ് സി യോട് റിപ്പോർട്ട് തേടി. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് പി എസ് സി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച പരാതികൾ പരിഗണിച്ച യുവജന കമ്മീഷന്റെ ജില്ലാ അദാലത്തിലാണ് ഇക്കാര്യം അറിയിച്ചത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് കമ്മീഷൻ അംഗങ്ങളായ കെപി ഷജീറ, റെനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി.
ജില്ലാ അദാലത്തിൽ അഞ്ച് പരാതികൾ തീർപ്പാക്കി. ആകെ 16 പരാതികളാണ് ലഭിച്ചത്. 11 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട പരാതിക്ക് പരിഹാരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്ലാസ്റ്റിക് കണ്ടുകെട്ടുന്നതിന് നിർദ്ദേശം നൽകി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടതും ആളുകൾ ശല്യം ചെയ്യുന്നതുമാണ് കമ്മീഷന് മുമ്പാകെ ലഭിച്ച മറ്റ് പരാതികൾ.

കർഷകരെ പ്രോത്സാഹിപ്പിക്കാൻ ഗ്രീൻ സോൺ
യുവജനങ്ങളുടെ ക്ഷേമത്തിനും പ്രോത്സാഹനത്തിനുമായി പല പദ്ധതികളും കമ്മീഷൻ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. യുവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിയാണ് ഗ്രീൻ സോൺ. ജില്ലയിൽ എരുവട്ടി, മാട്ടൂൽ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനു പുറമേ യുവജനങ്ങൾക്ക് നിയമപരമായ സഹായങ്ങൾക്കും, പരാതി അറിയിക്കാനും 7511100900 എന്ന ടോൾഫ്രീ നമ്പറും നിലവിലുണ്ട്. അദാലത്തിൽ കമ്മീഷൻ സെക്രട്ടറി ക്ഷിതി വി ദാസ്, സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ എം രൺദീഷ്, ജില്ലാ കോർഡിനേറ്റർമാരായ നിമിഷ ദേർമാൽ, കെ സജി എന്നിവർ പങ്കെടുത്തു.