പിണറായി പൊലീസ് സ്റ്റേഷന്‍ പരിധി ഇനി ക്യാമറ കണ്ണില്‍

സിസിടിവി ക്യാമറകള്‍ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു

പിണറായി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച 40 സി സി ടിവി ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സ്റ്റേഷനിലെ പൊലീസുകാരുടെ മരണാനന്തര അവയവദാന സമ്മതപത്രം കൈമാറ്റവും അദ്ദേഹം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.നാരായണ നായിക് സമ്മതപത്രം ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധത്തില്‍ മികച്ച ഇടപെടല്‍ നടത്തിയ തലശ്ശേരി ആര്‍ എം ഒ ഡോ ജിതിന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ മൊയ്തു വടക്കുമ്പാട് എന്നിവരെ അനുമോദിച്ചു. ജനകീയ കൂട്ടായ്മയിലൂടെയാണ് സ്റ്റേഷന്‍ പരിധിയില്‍ നാല്‍പത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.

പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, മുന്‍ എംപി കെ കെ രാഗേഷ്, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീത, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, സബ്ബ് കലക്ടര്‍ അനുകുമാരി, അസി.കമ്മീഷണര്‍ വിഷ്ണുപ്രദീപ്, പിണറായി ഗ്രാമപഞ്ചായത്തംഗം എ ദീപ്തി, കെ പി എ സെക്രട്ടറി സിനീഷ്, സ്റ്റേഷന്‍ എസ് എച്ച് ഒ രമ്യ ഇ കെ, സി പി ഒ പ്രജോഷ് ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.