പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റിൽ വ്യക്തത വരുത്തി വാട്ട്സ്ആപ്പ്

ന്യൂഡല്‍ഹി: പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് വന്നതോടെ വാട്‌സാപ്പിനെതിരായി ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളോടും പ്രചാരണങ്ങളോടും പ്രതികരിച്ച്‌ വാട്ട്സ്‌ആപ്പ് രംഗത്തെത്തി. ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് വാട്ട്സ്‌ആപ്പ് അറിയിച്ചു.

വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങളുമായും പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്നതാണ് പുതിയ പോളിസി അപ്ഡേറ്റ്. എന്നാല്‍ ഇതുവഴി വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളോ നിങ്ങളുടെ കോളുകളോ കാണാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ഉപയോക്താക്കളെ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ വാട്‌സാപ്പ് സൂക്ഷിക്കില്ല, ഉപയോക്താക്കള്‍ ഷെയര്‍ ചെയ്യുന്ന ലൊക്കേഷന്‍ വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ കാണാന്‍ സാധിക്കില്ല, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പ്രൈവറ്റ് തന്നെ ആയിരിക്കും, ഉപയോക്താക്കള്‍ക്ക് ഡിസപ്പിയര്‍ മെസേജസ് സെറ്റ് ചെയ്യാന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങളിലും വാട്ട്സ്‌ആപ്പ് വ്യക്തത വരുത്തി.