പുതുക്കിയ ബസ് നിരക്കുകൾ ഇങ്ങിനെ
തിരുവനന്തപുരം. സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കി. ഓട്ടോയുടെ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും. പുതുക്കിയ നിരക്കുകള്‍ മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് സിറ്റി / ടൗണ്‍ / സിറ്റി സര്‍ക്കുലര്‍ / സിറ്റി ഷട്ടില്‍ ഉള്‍പ്പെടെയുള്ള ഓര്‍ഡിനറി / മൊഫ്യൂസില്‍ സര്‍വീസുകളുടെ മിനിമം നിരക്ക് 8 രൂപയില്‍ നിന്നും 10 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചു.
എക്‌സ്പ്രസ്സ്, സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ് / സെമീ സ്ലീപ്പര്‍ സര്‍വീസുകള്‍, ലക്ഷ്വറി / ഹൈടെക് ആന്റ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്‌സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍, ലോ ഫ്‌ളോര്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍ എന്നിവയുടെ നിലവിലെ നിരക്ക് തുടരും. ലോ ഫ്‌ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. എ സി സ്ലീപ്പര്‍ സര്‍വീസുകള്‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു. ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരം യാത്രക്കാര്‍ക്ക് പൊതുനിരക്കിന്റെ 30 ശതമാനം വരെ ഇളവു നല്‍കിക്കൊണ്ട് സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കാനുള്ള അധികാരം കെ എസ് ആര്‍ ടി സിക്കായിരിക്കും. ചാര്‍ജ്ജ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും മുന്‍ ഉത്തരവ് പ്രകാരം തുടരുന്നതായിരിക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച വിഷയം പഠിക്കുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചു.
ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാര്‍ജ്ജ് 30 രൂപ (1.5 കിലോമീറ്റര്‍ വരെ) മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കില്‍). ക്വാഡ്രിസൈക്കിളുകള്‍ക്ക് മിനിമം ചാര്‍ജ്ജ് 35 രൂപ (1.5 കി.മീറ്റര്‍ വരെ) മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്ക് ഈടാക്കാവുന്നതാണ്. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കില്‍). ഡ്രൈവര്‍ ഉള്‍പ്പെടെ 7 യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു താഴെയുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍ക്യാബുകള്‍ ഉള്‍പ്പെടെ) മിനിമം ചാര്‍ജ്ജ് 200 രൂപ (5 കി.മീറ്റര്‍ വരെ) മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 18 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 7 യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു മുകളിലുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍ക്യാബുകള്‍ ഉള്‍പ്പെടെ) മിനിമം ചാര്‍ജ്ജ് 225 രൂപ (5 കി.മീറ്റര്‍ വരെ) മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 20 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്